ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഉയർന്ന കൊളസ്‌ട്രോൾ. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍തന്നെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്‌സ് ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്…
നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് മിതമായ അളവില്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകള്‍ ഗുണം ചെയ്യും. അതിനാല്‍ ദിവസവും ഒരു പിടി നട്സ് കഴിക്കാം.
മൂന്ന്…
ഓറഞ്ച് അടക്കമുള്ള സിട്രസ് പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും മറ്റും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും.
നാല്…
ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും.
അഞ്ച്…
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്.
ആറ്…
വെളുത്തുള്ളി ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും.
ഏഴ്…
ഡാര്‍ക്ക് ചോക്ലേറ്റാണ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.