അബുദാബി: യുഎഇ – ഒമാന്‍ അതിര്‍ത്തിയില്‍ ബുധനാഴ്ച രാത്രി നേരീയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി 11.29ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‍കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയതായും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. അതേസമയം യുഎഇയിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
യുഎഇയില്‍ പൊതുവെ വര്‍ഷത്തില്‍ രണ്ട് മുതല്‍ മൂന്ന് വരെ ചെറിയ ഭൂചലനങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സീസ്‍മോളജി വിഭാഗം ഡയറക്ടര്‍ ഖലീഫ അല്‍ ഇബ്രി പറഞ്ഞു. ഇത്തരത്തിലുള്ള മിക്ക ഭൂചലനങ്ങളും ജനങ്ങള്‍ അറിയാറില്ല. സെന്‍സറുകളില്‍ മാത്രം രേഖപ്പെടുത്താന്‍ തക്ക തീവ്രത മാത്രമേ ഇവയ്ക്ക് ഉണ്ടാവുകയുള്ളൂ. കെട്ടിടങ്ങളെയോ മറ്റ് നിര്‍മിതികളെയോ ഇവ ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.