ന്യൂയോര്‍ക്ക്: ലോകകേരളസഭാസമ്മേളനം നടക്കാനിരിക്കെ അപ്രതീക്ഷിതമായി പുകയിൽ മൂടി ന്യൂയോർക്ക് നഗരം. കാനഡയിലെ കാട്ടുതീയിൽ നിന്നാണ് പുക പരന്നത്. എൻ 95 മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവർണർ നിർദേശിച്ചു. തീയണയ്ക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ പരിപാടികളും ന്യൂയോർക്കിൽ ആണ്. പ്രധാന പരിപാടികൾ നടക്കുന്ന ശനിയാഴ്ചയ്ക്കു മുൻപ് പുക അടങ്ങുമെന്ന പ്രതീക്ഷയിലാണ് സംഘടകർ അടക്കമുള്ളവർ.
അതേസമയം, സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മൻമധൻ നായർ, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.
ഇന്ന് തുടങ്ങി 13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയിൽ ലേക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിനാണ് ലോക കേരളസഭാ സമ്മേളനവും ടൈം സ്ക്വയറിലെ പൊതു സമ്മേളനവും.