കാണുന്ന ഭംഗി പോലെ തന്നെയാണ് പാഷൻഫ്രൂട്ടിന്‍റെ ഗുണങ്ങളും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. യെല്ലോ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ക്ക് വരെ കഴിക്കാവുന്ന ഈ പഴം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
അറിയാം പാഷൻഫ്രൂട്ടിന്റെ ഗുണങ്ങൾ…
ഒന്ന്…
ഗ്ലൈസെമിക് ഇൻഡക്സ് കുറവായ, നാരുകൾ ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ച പഴമാണ്. കൂടാതെ കലോറി കൂട്ടാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന ‘പെക്റ്റിൻ’ എന്നയിനം നാരും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹചികിത്സയിൽ ഡയറ്ററി സപ്ലിമെന്റായി പാഷൻഫ്രൂട്ട് ഉപയോഗിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും. നാരുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
രണ്ട്…
നാരുകൾ അടങ്ങിയതിനാല്‍ ഇവ ദഹനത്തിനും സഹായിക്കും. മലബന്ധം തടയാനും പാഷന്‍ ഫ്രൂട്ട് സഹായിക്കും.
മൂന്ന്…
പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. ഒപ്പം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
നാല്…
വിറ്റാമിന്‍ സി, കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ട് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അഞ്ച്…
മഗ്നീഷ്യം, കാൽസ്യം, അയൺ, ഫോസ്ഫറസ് ഇവയെല്ലാം പാഷന്‍ഫ്രൂട്ടില്‍ ധാരാളമുണ്ട്. പാഷൻഫ്രൂട്ടിന്റെ തോലിന്റെ സത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് സന്ധിവാത ലക്ഷണങ്ങളെ ഇല്ലാതാക്കുന്നു. എല്ലുകളുടെ മൊത്തം ആരോഗ്യത്തിനും ഇവ സഹായിക്കും.
ആറ്…
മഗ്നീഷ്യം ധാരാളം അടങ്ങിയ പാഷന്‍ ഫ്രൂട്ട് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കും.
ഏഴ്…
വിറ്റാമിന്‍ എ, സി ധാരാളം അടങ്ങിയ പാഷന്‍ഫ്രൂട്ട് ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.