കൊച്ചി > പ്രിവിലേജ് ഉള്ളവന് എന്നും രാഷ്‌ട്രീയം അനാവശ്യം ആയിരിക്കുമെന്നും, ഇക്കാര്യം മനസിലാക്കാൻ വർഷങ്ങൾ എടുത്തുവെന്നും ഗായകൻ ഹരീഷ് ശിവരാമകൃഷ്‌ണൻ. കാഞ്ഞിരപ്പള്ളി അമൽ ജ്യേതി കോളേജ് വിദ്യാർഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെ പശ്‌ചാത്തലത്തിലാണ് ഹരീഷിന്റെ പ്രതികരണം.വിദ്യാലയങ്ങളിൽ അരാഷ്ട്രീയമായ അന്തരീക്ഷം ഉണ്ടാക്കിയാൽ മാത്രമേ അച്ചടക്കം ഉണ്ടാവൂ എന്ന് പറയുന്നവരുടെ ജനാധിപത്യ ബോധം അപാരം തന്നെയാണെന്നും ഹരീഷ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
ഹരീഷിന്റെ കുറിപ്പ് വായിക്കാം:
ഗവൺമെന്റ് സ്‌കൂളിലും, ഗവണ്മെന്റ് കോളേജിൽ പ്രീഡിഗ്രിയും, പിന്നെ സകല സ്വാതന്ത്ര്യവും ഉള്ള എഞ്ചിനീയറിംഗ് കോളേജ് ഇലും പഠിച്ചു ഇറങ്ങിയ ആൾ ആണ് ഞാൻ – അച്ചടക്കം പഠിപ്പിക്കേണ്ട തടവുകാർ ആണ് ചെറുപ്പക്കാർ എന്ന് കരുതുന്നവർക്കൊക്കെ നേരം വെളുക്കാതെ ഇവിടെ ഒന്നും നേരെ ആവില്ല.
കക്ഷി രാഷ്ട്രീയ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജനാധിപത്യ രാഷ്ട്രം ആയ നമ്മുടെ രാജ്യത്തിൽ, വിദ്യാലയങ്ങളിൽ അരാഷ്ട്രീയമായ അന്തരീക്ഷം ഉണ്ടാക്കിയാൽ മാത്രമേ അച്ചടക്കം ഉണ്ടാവൂ എന്ന് പറയുന്നവരുടെ ജനാധിപത്യ ബോധം അപാരം തന്നെയാണ്. 18 വയസ്സുള്ളവർക്ക് ഈ രാജ്യത്തിൻറെ ജനാധിപത്യ സമ്പ്രദായത്തിൽ വോട്ട് ചെയ്യാൻ ഉള്ള അവകാശം ഉണ്ട് താനും.
രാഷ്ട്രീയം കൊണ്ട് മാത്രമേ അവകാശങ്ങൾ നേടി എടുക്കാൻ ആവൂ എന്ന് അറിയുന്ന ഒരു യുവ തലമുറ ഇല്ലാതെ – ഈ നാട് ആര് ഭരിച്ചാലും കണക്കാണ് എന്നും, ഇതൊന്നും ഒരിക്കലും ശരിയാവില്ല എന്നും പറഞ്ഞോണ്ടിരിക്കാം. പിന്നെ രാജ ഭരണം ആയിരുന്നു നല്ലത് എന്നൊക്കെ നെടുവീർപ്പിടുന്ന വാട്‌സ്‌ആപ്പ് മാമന്മാർ ഉള്ള ഈ കാലത്തു പ്രത്യേകിച്ചും ഇത് പ്രധാനമാണ്.