എടത്വാ: പൈപ്പ് പൊട്ടി റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ പൊതുജനം കുഴിയിൽ കപ്പ നട്ട് പ്രതിഷേധിച്ചു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപത്താണ് പൈപ്പ് പൊട്ടി റോഡിന് മധ്യഭാഗം കുഴിയായി കിടക്കുന്നത്. ഒരു മാസത്തിലേറെയായി ഇതേ അവസ്ഥ തുടർന്നിട്ടും ജല അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
പൈപ്പ് പൊട്ടിയ സ്ഥലത്തെ കുഴിയുടെ ആഴം അപകടകരമായവിധം വർധിച്ചു വരുകയാണ്. റോഡിന്‍റെ വളവിൽ കുഴി രൂപപ്പെട്ടതിനാൽ ദൂരെ നിന്നെത്തുന്ന വാഹനങ്ങൾ റോഡിലെ കുഴി കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് മൂലം അപകടങ്ങളും പതിവായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. പരാതിപ്പെട്ട് മടുത്ത യാത്രക്കാർ ഇതോടെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ റോഡിലെ കുഴിയിൽ കപ്പ നട്ടുവെച്ചായിരുന്നു പ്രതിഷേധം. എ സി റോഡിന്‍റെ നവീകരണം തുടങ്ങിയതോടെ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങളാണ് തലങ്ങും വിലങ്ങും ഓടുന്നത്. കുഴി വെട്ടിച്ച് മാറ്റുന്നത് മൂലം വാഹനങ്ങൾ നിയന്ത്രണം തൊറ്റുന്നതും പതിവ് കാഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. സംസ്ഥാന പാതയുടെ അറ്റകുറ്റ പണി ഏറ്റെടുത്ത റോഡ് ഫണ്ട് ബോർഡും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അടിയന്തരമായി റോഡിലെ കുഴി അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.