തിരുവനന്തപുരം: അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തി പണം കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി. ഒന്നാം പ്രതി പൂന്തുറ പരുത്തിക്കുഴി സ്വദേശി ഷാനു മാഹീൻ, അട്ടക്കുളങ്ങര പാരഡൈസ് കോമ്പൗണ്ടിൽ ഷെമീർ എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര താല്കാലിക കോടതി ഏഴിൽ കീഴടങ്ങിയത്. ഇവരെ കോടതി റിമാൻഡു ചെയ്തു. കഴിഞ്ഞ മാസം 27 ന് രാത്രി പന്ത്രണ്ട് മണിയോടെ വെങ്ങാനൂർ നെല്ലിവിളയിൽ മുപ്പത് തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഘം തട്ടിപ്പിനായെത്തിയത്.
പണം വെച്ച് ചീട്ടുകളി നടക്കുന്നത് അറിഞ്ഞ് എത്തിയ പൊലീസാണെന്ന് പരിചയപ്പെടുത്തിയ ആറംഗ സംഘം തൊഴിലാളികളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കി. സംശയം തോന്നിയ തൊഴിലാളികൾ എതിർത്തതോടെ ഓടിയ തട്ടിപ്പുകാരിൽ പശ്ചിമ ബംഗാൾ ഗംഗാറാം പൂർ സ്വദേശി നൂറിലം മിയ, ചാലകൊത്തുവാൾ തെരുവിൽ ശ്രീഹരി എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു.
കേസെടുത്ത വിഴിഞ്ഞം പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഷെമീറും, ഷാനുവും കോടതിയിൽ കീഴടങ്ങിയത്. ചാല, ഉള്ളൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ ക്യാമ്പുകളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമാണെന്ന് പൊലീസ് പറഞ്ഞു. ഒരു പ്രതിയെ കൂടി പിടി കിട്ടാനുണ്ടെന്നും കീഴടങ്ങിയവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന തോടെ കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.