കുട്ടികളോടുള്ള അനുചിതമായ പെരുമാറ്റം ആരോപിച്ച് അധ്യാപികയെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കാലിഫോർണിയയിലെ എൽ ഡൊറാഡോ ഹൈസ്‌കൂൾ അധ്യാപികയായ ജൂഡി റെഹ്‌ബർഗിനെ ആണ് കുട്ടികളുമായി സെക്‌സ് ടോയ്‌സിനെ കുറിച്ചും ലൈംഗികതയിലെ ആനന്ദത്തെ കുറിച്ചുമുള്ള ചർച്ചകളിൽ ഏർപ്പെട്ടതിന് സസ്പെൻഡ് ചെയ്തത്.
വിദ്യാർത്ഥികളുമായി ഇത്തരത്തിൽ സംഭാഷണം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് പരാതികളുമായി രക്ഷിതാക്കൾ രംഗത്തെത്തിയതോടെ അധ്യാപികയ്‍ക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുക്കുകയായിരുന്നു. എന്നാൽ, വിദ്യാർഥികളുമായുള്ള തൻറെ സംവാദത്തിൽ യാതൊരുവിധ തെറ്റുമില്ല എന്നാണ് റെഹ്ബർഗിന്റെ വാദം. പക്ഷേ, സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് സ്കൂൾ തീരുമാനിച്ചിരിക്കുന്നത് അതിൻറെ ഭാഗമായാണ് റെഹ്ബർഗിനോട് അവധിയിൽ പോകാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്.
വാൾമാർട്ട് അല്ലെങ്കിൽ ടാർഗെറ്റ് പോലുള്ള പ്രാദേശിക റീട്ടെയിലർമാരിൽ നിന്നുള്ള സെക്‌സ് ടോയ്‌സിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജൂഡി റെഹ്‌ബർഗ് ഏർപ്പെടുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിട്ടുള്ളത്. എന്നാൽ, സിലബസിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങൾ മാത്രമാണ് താൻ കുട്ടികളുമായി ചർച്ച ചെയ്തിട്ടുള്ളതെന്നും ശരീരഘടനയും ഗർഭധാരണവും പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു തൻറെ ക്ലാസ് എന്നും അവർ പറഞ്ഞു.
രക്ഷാകർത്താക്കളിൽ ഒരു വിഭാഗം ആളുകൾ ജൂൺ 6 -ന് നടന്ന ബോർഡ് മീറ്റിംഗിൽ, ജൂഡി റെഹ്ബർഗിനെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ഈ മാതാപിതാക്കൾ റെഹ്ബർഗിനും അവളുടെ അധ്യാപന രീതികൾക്കും അംഗീകാരം നൽകി. എന്നിരുന്നാലും, ചില രക്ഷിതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുകയും അവളുടെ പഠിപ്പിക്കലിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും അവളെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്ന് വാദിക്കുകയും ചെയ്തു.
ജൂഡി റെഹ്ബർഗിന്റെ സസ്പെൻഷനുശേഷം, നിരവധി ആളുകൾ അധ്യാപികയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഏതായാലും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ സ്കൂൾ അധികൃതർ അധ്യാപികയെ തിരിച്ചെടുക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ.