അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ഹസന്റെ (26) മൃതദേഹമാണ് ശനിയാഴ്ച പുലര്‍ച്ചെയുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയത്.
അല്‍ ജറഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്ന ടാങ്കുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഒരു ടാങ്കിന് പുറത്ത് തൊഴിലാളികള്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നതിനിടെ അതില്‍ നിന്നുള്ള തീപ്പൊരി ടാങ്കിന്റെ അകത്ത് പതിക്കുകയും അത് പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. രണ്ട് ബംഗ്ലാദേശ് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. മതിയായ സുരക്ഷാ നടപടികള്‍ പാലിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അജ്‍മാന്‍ പൊലീസ് മേധാവി പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം കല്ലറ, അബു ചേറ്റുവ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചത്.