മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഈമാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുകയാണ്. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.ഇതിനിടെ, മണിപ്പൂരിൽ തുടരുന്ന ഇൻറർനെറ്റ് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീംകോടതി. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട അഡ്വ. ശദാൻ ഫറാസത്തിനോട് മണിപ്പൂർ ഹൈകോടതിയിൽ സമാന ഹരജിയുണ്ടെന്നും അവധി കഴിഞ്ഞുള്ള സുപ്രീംകോടതി ബെഞ്ചിനു മുന്നിൽ ആവശ്യവുമായി വരാനും ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, രാജേഷ് ബിന്ദാൽ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിർദേശിച്ചു.
മണിപ്പൂർ ഹൈകോടതി അഭിഭാഷകൻ ചോങ്താം വിക്ടർ സിങ്, വ്യവസായി മേയെങ്ബാം ജെയിംസ് എന്നിവരാണ് ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്.
മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുകയാണ്. സുരക്ഷ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയ കലാപകാരികൾ സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയിരിക്കയാണ്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഖോകെൻ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ച നാലിനാണ് സംഭവം. രണ്ടുപേർക്ക് പരിക്കേറ്റു. കുക്കികൾക്ക് സ്വാധീനമുള്ള ഖാൻപോപി ജില്ലയുടെയും മെയ്തേയി വിഭാഗത്തിന് സ്വാധീനമുള്ള ഇംഫാൽ ഈസ്റ്റ് ജില്ലയുടെയും ഇടയിലാണ് വെടിവെപ്പുണ്ടായ ഗ്രാമം. മെയ്തേയി വിഭാഗമാണ് അക്രമത്തിനു പിന്നിലെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. വെടിയൊച്ച കേട്ട് ഗ്രാമത്തിൽ പതിവ് പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാസേന എത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടു.
അസം റൈഫിൾസാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പിന്നീട് മണിപ്പൂർ പൊലീസിന്റെയും അസം റൈഫിൾസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം മേഖലയിൽ തിരച്ചിൽ നടത്തി.
അതിനിടെ ബി.ജെ.പി വനിത എം.എല്‍.എയുടെ വീടിനുനേരെ ബോംബേറുണ്ടായി. സൊറായി സാം കെബി ദേവി എം.എല്‍.എയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.സംസ്ഥാനത്ത് കഴിഞ്ഞ മാസം ആരംഭിച്ച വംശീയ സംഘട്ടനങ്ങളിൽ 100ലധികം പേർ കൊല്ലപ്പെട്ടു. സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ 10,000 സൈനികരെയും അർധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. മെയ്തേയി സമുദായം പട്ടികവർഗ പദവി ആവശ്യപ്പെട്ടതിനെതിരെ മേയ് മൂന്നിന് മലയോര ജില്ലകളിൽ നടന്ന ആദിവാസി ഐക്യദാർഢ്യ മാർച്ചിന് പിന്നാലെയാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. അതിനിടെ മണിപ്പൂർ കലാപം അന്വേഷിക്കാൻ സി.ബി.ഐ പത്തംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറു കേസുകളും സി.ബി.ഐ രജിസ്റ്റർ ചെയ്തു. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന കണ്ടെത്താൻ സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നു.