മുംബൈ∙ എൻസിപിയിലെ പുതിയ രണ്ടു വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തെക്കുറിച്ചു വിശദീകരിച്ച് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. രാജ്യത്തുടനീളമുള്ള പാർട്ടിയുടെ കാര്യങ്ങളിൽ നേതൃത്വത്തിനു ഇടപെടാൻ കഴിയുന്ന സാഹചര്യമൊരുക്കാനാണു പുതിയ നിയമനമെന്നും എല്ലാ സംസ്ഥാനങ്ങളുടെയും ചുമതല ഒരാൾക്കു കൊടുക്കുന്നത് ശരിയല്ലെന്നും ശരദ് പവാർ മാധ്യമങ്ങളോടു പറഞ്ഞു.
അജിത് പവാറിനു പുതിയ ചുമതലകള്‍ നൽകാത്തതിനെക്കുറിച്ചും പാർട്ടി അധ്യക്ഷൻ വിശദീകരിച്ചു. നിരവധി ഉത്തരവാദിത്തങ്ങൾ നിലവിൽ അജിത് പവാറിനുണ്ടെന്നായിരുന്നു ശരദ് പവാറിന്റെ വിശദീകരണം. എൻസിപിയുടെ 25ാം വാർഷിക പരിപാടിയിൽ അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പുതിയ വർക്കിങ് പ്രസിഡന്റുമാരെ ശരദ് പവാർ പ്രഖ്യാപിച്ചത്. പ്രസിഡന്റുമാരുടെ നിയമനത്തിനു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കാതെ മുബൈയിലെ ഓഫിസ് അജിത് പവാർ വിട്ടു. എന്നാൽ പുതിയ രണ്ടു വർക്കിങ് പ്രസിഡന്റുമാർക്കും അഭിനന്ദനം നേർന്ന് അജിത് പവാർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ശരദ് പവാറിന്റെ മകളും ലോക്സഭാ എംപിയുമായ സുപ്രിയ സുലെ, എൻസിപി ദേശീയ വൈസ് പ്രസിഡന്റും രാജ്യസഭ എംപിയുമായ പ്രഫുൽ പട്ടേൽ എന്നിവരാണു പുതിയ വർക്കിങ് പ്രസിഡന്റുമാർ. പാർട്ടിക്കുവേണ്ടി ഇനിയും കഠിനാധ്വാനം ചെയ്യുമെന്നായിരുന്നു പ്രഫുൽ പട്ടേലിന്റെ പ്രതികരണം. പ്രഫുൽ പട്ടേലിനൊപ്പം വർക്കിങ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം തന്ന എൻസിപി അധ്യക്ഷനോടും മുതിർന്ന നേതാക്കളോടും സഹപ്രവർത്തകരോടും പാർട്ടി പ്രവർത്തകരോടും നന്ദി പറഞ്ഞു സുപ്രിയ സുലെയും ട്വീറ്റ് ചെയ്തിട്ടുണ്ട്.