അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ പി.എൻ.ശ്രീധർ. വനംവകുപ്പിന്റെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ചുവരികയാണെന്നും മലയോര ഗ്രാമവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോതയാറിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്നലെയോടെയാണ് സമീപത്തുള്ള കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്. തുറന്നുവിട്ട സ്ഥലത്ത് നിന്നും പത്ത് കിലോമീറ്ററിനുള്ളിൽ തന്നെ ആന ഉണ്ടെന്നും സഞ്ചാരവേഗം വളരെ കുറവെന്നും വനംവകുപ്പ് അറിയിച്ചു.
കമ്പത്ത് നിന്നും തമിഴ്‌നാട് വനംവകുപ്പ് പിടികൂടി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അപ്പർ കോതയാർ ഭാഗത്ത് മുത്തുകുളി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ ഇന്നലെ എത്തിയെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിരുന്നു. കന്യാകുമാരി വനമേഖലയിൽ നിന്നുളള സിഗ്‌നൽ ലഭിച്ചിട്ടുണ്ട്. തുമ്പിക്കൈക്കേറ്റ പരുക്കിന് ചികിത്സ നൽകിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. നിലവിൽ ഒറ്റക്ക് തുമ്പിക്കൈ ഉപയോഗിച്ച തീറ്റയെടുക്കാനും തുടങ്ങിയിട്ടുണ്ട്. റേഡിയോ കോളർ വഴി ആന, ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സദാ നിരീക്ഷിച്ചുവരികയാണ്. ഈ മാസം ആറിനാണ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്ത് അരിക്കൊമ്പനെ തുറന്നു വിട്ടത്.