ബൊഗാട്ട (കൊളംബിയ)> ആമസോൺ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച പ്രസിഡന്റ് രക്ഷാദൗത്യത്തിൽ പങ്കെടുത്ത സൈന്യത്തെയും സന്നദ്ധസംഘടനകളെയും അഭിനന്ദിച്ചു.
ചെറുവിമാനം തകര്‍ന്ന് ആമസോൺ നിബിഡ വനത്തില്‍ പതിച്ച നാലു കുട്ടികളെ 40 ദിവസത്തിനുശേഷമാണ് ജീവനോടെ കണ്ടെത്തിയത്. 13ഉം ഒമ്പതും നാലും ഒന്നും വയസ്സുള്ള കുട്ടികളാണ് പരസ്പരം ഏറ്റുമുട്ടുന്ന സായുധസംഘങ്ങളും ഹിംസ്രജന്തുക്കളും വിഷപ്രാണികളുമുള്ള കാടിന്റെ വന്യതയെ അവിശ്വസനീയമായി അതിജീവിച്ചത്.
മെയ് ഒന്നിനാണ് ഇവര്‍ സഞ്ചരിച്ച ചെറുവിമാനം എൻജിൻ തകരാർമൂലം കാട്ടില്‍ തകര്‍ന്നുവീണത്. കുട്ടികളുടെ അമ്മയുടെയും പൈലറ്റിന്റെയും മറ്റൊരാളുടെയും മൃതദേഹം സൈന്യം പിന്നീട് അപകടസ്ഥലത്തുനിന്ന് കണ്ടെത്തി. എന്നാല്‍, കുട്ടികള്‍, അവശിഷ്ടങ്ങളിൽനിന്ന് രക്ഷപ്പെട്ട് സഹായംതേടി കാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു. “ഓപ്പറേഷൻ ഹോപ്’ എന്നപേരില്‍ രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചില്‍ സന്നാഹമാണ് ഒരുക്കിയത്.