കൊച്ചി: വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ പിന്തുണച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രതികരണം അഹങ്കാരം നിറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അധികാരം സി.പി.എം നേതാക്കളിൽ ഉണ്ടാക്കിയിട്ടുള്ള ധിക്കാരത്തിന്‍റെയും അഹങ്കാരത്തിന്‍റെയും പ്രതിഫലനമാണിതെന്നും സതീശൻ പറഞ്ഞു.
ഇനിയും കേസെടുക്കുമെന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്. പാർട്ടി സെക്രട്ടറിയെയല്ല മുഖ്യമന്ത്രിയെ ആണ് കേരളം ഭരിക്കാൻ ഏൽപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും ശബ്ദിച്ചാൽ, കുട്ടി സഖാക്കൾക്കെതിരെ ആരെങ്കിലും ശബ്ദിച്ചാൽ, അവർ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
ഗുരുതര കുറ്റകൃത്യം ചെയ്ത ആളാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. കൂടാതെ, മറ്റൊരു കുറ്റകൃത്യത്തിന് ഇയാൾ കൂട്ടുനിൽക്കുകയും ചെയ്തു. വധശ്രമം, സ്ത്രീകളെ അപമാനിക്കൽ, തട്ടിക്കൊണ്ടു പോകൽ അടക്കം ജാമ്യം ലഭിക്കാത്ത നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൂടിയാണെന്നും സതീശൻ പറഞ്ഞു.
മാധ്യമവേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണിത്. മാർക്ക് ലിസ്റ്റ് സംബന്ധിച്ച വാർത്ത എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു മാധ്യമപ്രവർത്തകയെ മാത്രം തെരഞ്ഞുപിടിച്ച് കേസെടുത്തു. മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെതിരെയും സമരം ചെയ്ത കെ.എസ്.യു സംസ്ഥാന അധ്യക്ഷനെതിരെയും കേസുണ്ട്. ഇവർ എങ്ങനെ ഗൂഢാലോചനയിൽ പങ്കാളികളാകും.
കുറ്റകൃത്യം ചെയ്തവരാണ് വാദികൾക്കെതിരെയും റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരെയും ഗൂഢാലോചന ആരോപിക്കുന്നത്. ഗൂഢാലോചന കേസിൽ അന്വേഷണവുമായി മുന്നോട്ടു പോയാൽ സമര പരമ്പരക്ക് കേരളം സാക്ഷിയാകുമെന്നും വി.ഡി സതീശൻ മുന്നറിയിപ്പ് നൽകി.