ദില്ലി: ഗര്‍ഭസ്ഥ ശിശുവിന്‍റെ മാനസിക ശാരീരിക ക്ഷേമത്തിനായി ഗര്‍ഭിണികള്‍ സുന്ദരകാണ്ഡം ഉരുവിടണമെന്നും രാമായണം പോലുള്ള ഇതിഹാസങ്ങളും വായിക്കണമെന്നും തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദർ രാജൻ. ഗർഭിണികളെ പുരാണവും മന്ത്രവും ചൊല്ലാൻ പ്രോത്സാഹിപ്പിക്കുന്ന ഗർഭ സംസ്കാർ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തമിളിസൈ സൗന്ദർ രാജൻ. ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സംഘിന്റെ സംവർധിനി ന്യാസ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്.
സംസ്കാരവും രാജ്യസ്നേഹവുമുള്ള കുട്ടികളെ സൃഷ്ടിക്കുകയാണ് ക്യാംപെയിനിന്റെ ലക്ഷ്യം. ദില്ലിയിൽ നടന്ന ചടങ്ങ് ഓൺലൈനായാണ് ഗവർണർ ഉദ്ഘാടനം ചെയ്തത്. ഗൈനക്കോളജിസ്റ്റും ഫീറ്റല്‍ തെറാപ്പിസ്റ്റുമാണ് തമിളിസൈ സൗന്ദർ രാജൻ. ശാസ്ത്രീയവും പരമ്പരാഗതവുമായ രീതികളെ സംയോജിപ്പിച്ച് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ക്ഷേമം ലക്ഷ്യമിട്ടുള്ളതാണ് ഗര്‍ഭ സംസ്കാര്‍ പദ്ധതി. ഡോക്ടര്‍മാരുടെ മരുന്നുകള്‍ അടക്കമുള്ള കുറിപ്പടികള്‍ക്കൊപ്പം സംസ്കൃത മന്ത്രങ്ങളും യോഗാ പരിശീലനവും ഗീതാ പാരായണവും അടക്കമുള്ളതാണ് ഈ പദ്ധതി.
ഗര്‍ഭിണി ആവുന്ന സമയം മുതലം ശിശുവിന് രണ്ട് വയസ് ആവുന്നത് വരെയും നീളുന്നതാണ് ഈ പദ്ധതി. കുടുംബാംഗങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. തമിഴ്നാട്ടില്‍ കമ്പ രാമായണത്തിലെ സുന്ദര കാണ്ഡം ഗര്‍ഭിണികള്‍ വായിക്കുന്നത് ഏറെ കാലമായുള്ള ശൈലിയാണെന്നും തമിളിസൈ സൗന്ദർ രാജൻ പറഞ്ഞു. ഗര്‍ഭകാലത്തെ യോഗാ പരിശീലനം നോര്‍മല്‍ ഡെലിവറിക്ക് സഹായിക്കുമെന്നും അവര്‍ പറഞ്ഞു.