മീററ്റ്: യു.പിയിലെ മീററ്റിൽ ബി.ജെ.പി പ്രാദേശിക നേതാവിനെ കെലപ്പടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഗോവിന്ദ്പുരിയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ ബി.ജെ.പി പ്രാദേശിക നേതാവ് നിഷാന്ത് ഗാർഗിന്റെ മൃതദേഹം കണ്ടത്തിയത്. അന്ന് രാത്രി തന്നെ അദ്ദേഹത്തിന്റെ ഭാര്യ സോണിയയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് മുതിർന്ന പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്‍വാൻ പറഞ്ഞു.
ഞായറാഴ്ച നിഷാന്തിന്റെ സഹോദരൻ ഗൗരവ് സോണിയക്കെതിരെ പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ മനപൂർവമായ നരഹത്യക്ക് സോണിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സോണിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
നിഷാന്ത് ഗാർഗ് നാടൻ തോക്കുപയോഗിച് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും എന്നാൽ തർക്കത്തിനിടെ വെടിപൊട്ടിയപ്പോൾ നിഷാന്തിനാണ് വെടിയേറ്റതെന്നും ഭാര്യ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ നെഞ്ചിൽ വെടിയേറ്റ് മരിച്ച നിലയിലായിരുന്നു നിഷാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. നിഷാന്ത് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ശനിയാഴ്ച രാവിലെ സോണിയ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി അമിതമായി മദ്യപിച്ച ഭർത്താവ് തന്നെ മർദിച്ചിരുന്നുവെന്നും പുലർച്ചെ മൂന്നോടെ, നിഷാന്തിന്റെ വീടിന് സമീപത്തു തന്നെയുള്ള തന്റെ വീട്ടിലേക്ക് പോയിയെന്നുമായിരുന്നു സോണിയയുടെ മൊഴി. രാവിലെ 6.30 ഓടെ തിരിച്ചെത്തിയപ്പോൾ നിഷാന്ത് വെടിയേറ്റ് ചോരയിൽ കുളിച്ച് മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും സോണിയ പറഞ്ഞിരുന്നു.
മരിച്ചത് കണ്ട് ഭയന്ന് തോക്ക് അവർ ഒളിപ്പിച്ചുവെച്ചെന്ന് സോണിയ പെലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ തോക്ക് കണ്ടെത്താനായിരുന്നില്ല. പിന്നീട് സോണിയയെ ചോദ്യം ചെയ്തപ്പോൾ അവർ തോക്കും മൊബൈൽ ഫോണും അലമാരയിൽ നിന്നെടുത്ത് പൊലീസിന് കൈമാറി. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് സോണിയ കൊലപാതകക്കുറ്റം സമ്മതിച്ചത്.
എന്നാൽ തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്നത് വ്യക്തമല്ല. ഇവരുടെ മുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഭാരതീയ ജനതാ യുവമോർച്ചയുടെ പടിഞ്ഞാറൻ യു.പിയിലെ സമൂഹമാധ്യമ ചാർജ് വഹിച്ചിരുന്നത് നിഷാന്ത് ഗാർഗാണെന്ന് ബി.ജെ.പി മഹാനഗർ പ്രസിഡന്റ് മുകേഷ് സിംഗാൾ പറഞ്ഞു.