പാലക്കാട്: മഴ തുടങ്ങിയതോടെ നഗരത്തിലെ മിക്ക റോഡുകളും വെള്ളക്കെട്ടിലായി. ഉള്പ്പാതകളായ സ്റ്റേഡിയം ഗസാല റോഡ്, ബി.എസ്.എൻ.എല്‍ എക്സ്ചേഞ്ച് റോബിന്‍സണ്‍ റോഡ്, പുത്തൂര്‍ ശേഖരിപുരം ചന്ത ജങ്ഷന്, മൂത്താന്തറ വലിയങ്ങാടി റോഡ്, സപ്ലൈകോ റോഡ്, റോബിസൺ റോഡ് തുടങ്ങി പ്രധാന നഗരസഭാറോഡുകളും വെള്ളക്കെട്ടിലായി.
നഗരത്തില്‍ ശക്തമായൊരു മഴ പെയ്താല്‍ വെള്ളക്കെട്ടിലാവുന്ന റോഡുകളാണ് മിക്കതും. ശരിയായ ഓവുചാൽ സംവിധാനങ്ങളില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഓടകളിൽ കെട്ടിനിൽക്കുന്ന മലിനജലം മഴയത്ത് റോഡിലേക്കും നടവഴിയിലേക്കും കയറുന്നത് പതിവാണ്. വെള്ളം നിറയുന്നതോടെ റോഡിലെ കുഴികള്‍ കാണാത്തതിനാല്‍ ഇരുചക്രവാഹനക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
പൊട്ടിപ്പൊളിഞ്ഞ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും സംഭവിക്കുന്നു. നഗരത്തിലെ ഇടറോഡുകളിലെ ഓടകൾ പലയിടത്തും അടഞ്ഞുകിടക്കുകയാണ്. ഇതോടെ ദുരിതത്തിലാവുന്നത് നഗരത്തിലെത്തുന്ന കാൽനട-ബൈക്ക് യാത്രികരാണ്.
എഫ്.സി.ഐ റോഡും തഥൈവ
പുതുപ്പരിയാരം: ദേശീയപാത നവീകരിച്ചപ്പോൾ എഫ്.സി.ഐ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. പാത നവീകരിച്ചപ്പോൾ അഴുക്കുചാൽ നിർമാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാരുടെ പരാതി.പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷനിൽ ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് എഫ്.സി.ഐ റോഡിൽ താഴ്ചയാണ്. കടകമ്പോളങ്ങൾ, സ്റ്റേറ്റ് ബാങ്ക്, എഫ്.സി.ഐ എന്നി സ്ഥാപനങ്ങളിലേക്കുള്ള വഴിയാണിത്.
ചരക്ക് വാഹനങ്ങളും ചെറിയ വാഹനങ്ങളും പതിവായി ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഗതാഗതം മൂലം സദാ തിരക്കുള്ള ജങ്ഷനാണിത്. മഴ പെയ്താൽ നാല് അടിയോളം വെള്ളം കെട്ടി നിൽക്കുന്നു. യാത്രക്കാരും പരിസരവാസികളും വളരെയേറെ കഷ്ടപ്പെടുന്ന സാഹചര്യമാണ്. ദേശീയപാത അധികൃതരും പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തും ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.