ന്യൂഡൽഹി∙ ഡൽഹിയിലെ നിരത്തുകളിൽ ബൈക്ക് ടാക്‌സികൾ ഓടിക്കാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ബൈക്ക് – ടാക്‌സി സേവനദാതാക്കളായ റാപ്പിഡോയ്ക്കും ഊബറിനും രാജ്യ തലസ്ഥാനത്ത് സർവീസ് നടത്താന്‍ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി സർക്കാർ സമർപ്പിച്ച രണ്ടു ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി അനുമതി സ്റ്റേ ചെയ്തുള്ള സുപ്രീം കോടതി ഉത്തരവ്. വിഷയത്തിൽ അന്തിമ നയം രൂപീകരിക്കുന്നതുവരെ ഡൽഹിയിലെ റോഡുകളിൽ ബൈക്ക്-ടാക്‌സികൾ ഓടിക്കാൻ കഴിയില്ലെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. കേസിൽ വാദം കേൾക്കുന്നത് ഹൈക്കോടതി തുടരുമെന്നും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് അറിയിച്ചു.
ഡൽഹിയില്‍ ബൈക്ക് – ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തി ഡൽഹി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, സർക്കാർ അന്തിമ നയമുണ്ടാക്കുന്നതുവരെ ബൈക്ക് ടാക്സി സേവനം നിർത്തിവയ്ക്കണമെന്ന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതുചോദ്യം ചെയ്ത് റാപ്പിഡോ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി അനുമതി നൽകിയത്. ഇതിനെതിരെയായിരുന്നു സുപ്രീം കോടതിയിൽ ഡൽഹി സർക്കാർ ഹർജി നൽകിയത്.