റിയാദ്: സൗദി പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്ത് പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു. പാചക വാതക സിലിണ്ടർ നിറക്കാനുള്ള നിരക്കിൽ ഒരു റിയാൽ ആണ് ഇന്ന് മുതൽ വർധിപ്പിച്ചത്. ഇനി മുതൽ ഗ്യാസ് സിലിണ്ടർ നിറക്കാൻ 19.85 റിയാൽ നൽകേണ്ടിവരും. മൂല്യ വർധിത നികുതി അടക്കമാണിത്. നേരത്തേ ഇത് 18.85 റിയാൽ ആയിരുന്നു.
പെട്രോളിയം ഗ്യാസിന്റെ വിൽപ്പന വില ക്രമീകരിക്കുന്നത് സംബന്ധിച്ച് ഊർജമന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിച്ചതിനെ തുടർന്നാണ് ‘ഗാസ്കോ’ ഗ്യാസ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കമ്പനി അധികൃതർ ട്വീറ്റ് ചെയ്തു. വിതരണ സ്റ്റേഷനിൽ നിന്ന് വില്പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഒഴികെയുള്ള ചാർജാണ് ഇതെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ‘ഗാസ്കോ’ കമ്പനിയുടെ വെബ്സൈറ്റിൽ അധികൃതർ വ്യക്തമാക്കി. പ്രധാന സ്റ്റേഷനല്ലാത്ത വിതരണ കേന്ദ്രത്തിൽ നിന്ന് പാചക വാതക സിലിണ്ടർ നിറക്കുമ്പോൾ ഗതാഗത ചാർജ്ജ് അടക്കം നിരക്ക് വീണ്ടും ഉയരും. അതിനാൽ സൗദിയിൽ എല്ലായിടത്തും ഒരേ നിലക്കായിരിക്കില്ല ഗ്യാസ് നിറക്കുന്നതിന് ചാര്‍ജ് ഈടാക്കുക.