തെരുവുനായ വന്ധ്യംകരണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ തുടരുമ്പോള്‍ സംസ്ഥാനത്ത് നായ കടിയേല്‍ക്കുന്നവരുടെ എണ്ണംകൂടുകയാണ്. കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തോളം പേർക്കാണ് കടിയേറ്റത്. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് ഏഴ് പേര്‍. അനിഷ്ട സംഭവമുണ്ടായാൽ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും അത് കഴിയുമ്പോൾ എല്ലാം മറക്കുകയും ചെയ്യുന്ന പതിവാണ് തെരുവുനായ് ശല്യ പരിഹാരത്തിനറെ കാര്യത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
മെഗാ വാക്സിനേഷനും ബ്ലോക്ക് അടിസ്ഥാനത്തിൽ എബിസി സെന്ററുകളും ജില്ലാ തല അവലോകന സമിതികളും എല്ലാം പലവഴിക്ക് പോയി. പക്ഷേ 2022ൽ മാത്രം പേവിഷ ബാധയേറ്റ് മരിച്ചത് 22 പേരാണ്. തെരുവ് നായയുടെ കടിയേറ്റത് രണ്ട് ലക്ഷത്തോളം പേർക്കാണ്. കണ്ണൂര്‍ മുഴുപ്പിലങ്ങാട്ടെ മരണം കൂടി ചേര്‍ന്നാല്‍ ഈ വര്‍ഷം ഇതുവരെ 7 മരണങ്ങളാണ് തെരുവു നായയുടെ ആക്രമണത്തിലും പേവിഷ ബാധയേറ്റുമായി സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് ആകെ 170 ഹോട്ട്സ്പോട്ട് നിലവിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
സ്ഥലം കണ്ടെത്തുന്നതിന് പ്രാദേശിക എതിര്‍പ്പുകൾ വലിയ പ്രശ്നമാണെന്നും കണ്ടെത്തിയാൽ തന്നെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ആവശ്യത്തിന് കിട്ടുന്നില്ലെന്നും തദ്ദേശ വകുപ്പ് പറയുമ്പോൾ ഫണ്ട് മാറ്റി വയ്ക്കുന്നതിൽ അടക്കം തദ്ദേശ സ്ഥാപനങ്ങൾ വരുത്തുന്ന വീഴ്ചയാണ് പ്രശ്നമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വാദം. വാക്സീൻ ക്ഷാമം അടക്കമുള്ള കാര്യങ്ങളിൽപരിഹാരം കണ്ടെത്തേണ്ടത് ആരോഗ്യവകുപ്പുമാണ്.
സംസ്ഥാനത്ത് ആകെ 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളര്‍ത്തുനായ്ക്കളുമുണ്ടെന്നാണ് കണക്ക്. അതിൽ 4 ലക്ഷത്തി 38 ആയിരം വളര്‍ത്തു നായ്ക്കൾക്കും 32061 തെരുവുനായ്ക്കൾക്കും മാത്രമാണ് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. 17987 തെരുനായ്ക്കളെ മാത്രമാണ് വന്ധ്യംകരിക്കാന്‍ സാധിച്ചിട്ടുള്ളത്.