എറണാകുളം: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാക്കിയതില്‍ കടുത്ത പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. നിയമപരമായി കാര്യങ്ങൾ പരിശോധിക്കുകയാണ്. കേസില്‍ തനിക്ക് ഒരു പങ്കുമില്ല.ആദ്യത്തെ സ്റ്റേറ്റ്മെന്‍റില്‍ പരാതിക്കാർ തനിക്കെതിരെ മൊഴി നൽകിയിരുന്നില്ല. ഇപ്പോഴത്തെ കേസ് താൻ പഠിച്ച് കൊണ്ടിരിക്കുകയാണ്. കണ്ണിന്‍റെ ചികിത്സക്കാണ് മോന്‍സന്‍റെ വീട്ടില്‍ പോയത്. മോൺസന് ഒപ്പം ഫോട്ടോ എടുത്തതിൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. പല വിഐപികളും മോൺസണ് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് നോട്ടീസ് കിട്ടിയത് മൂന്ന് ദിവസം മുമ്പാണ്.നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല.കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നതിൽ സംശയമില്ല. ഒരുപാട് കൊള്ളയടിച്ച കേസിൽ ജയിലിൽ കിടക്കേണ്ടയാളാണ് മുഖ്യമന്ത്രി.കേസിൽ പെടുത്തി ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ പിണറായി മുഢസ്വർഗത്തിലാണ്. കാശ് വാങ്ങുന്നയാളാണെങ്കിൽ വനംമന്ത്രി ആയപ്പോൾ കോടികൾ സമ്പാദിച്ചേനെ. പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കും. മോന്‍സന്‍റെ വീട്ടില്‍ പോയ പൊലീസുദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കുന്നുണ്ടെങ്കിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥർകെതിരെയും കേസ് എടുക്കണം. തനിക്കെതിരെ കേസെടുത്തില്‍ ഒരു ഭയപ്പാടും ഇല്ലെന്നും കെസുധാകരന്‍ പറഞ്ഞു.