കൊച്ചി: സംസ്ഥാന സർക്കാരിന് അധികാരത്തിന്റെ ധാർഷ്ട്യമെന്ന് വിഡി സതീശൻ. എന്തും ചെയ്യാമെന്ന അഹന്തയാണ്. എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസാണ്. കേരളത്തിലെ പൊലീസ് കുറ്റവാളികൾക്ക് കുടപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സ്വന്തം ഓഫീസ് സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിന് തട്ടിപ്പ് നടത്താൻ വിട്ടുകൊടുത്തയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലാണ് ഉള്ളത്. ഇതിൽ നിന്ന് ഫോക്കസ് മാറ്റാൻ ശ്രമമാണ് കെ.സുധാകരനെതിരെ രജിസ്റ്റർ ചെയ്ത കേസെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്വർണ്ണക്കടത്ത് കേസിൽ അകത്ത് പോകേണ്ടയാളാണ്. അതിൽ നിന്ന് അദ്ദേഹത്തെ രക്ഷിച്ചത് കേന്ദ്രസർക്കാരാണ്. സ്വന്തക്കാരെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ. ഇപ്പോൾ കേരളത്തിൽ നടക്കുന്നത് മാധ്യമവേട്ടയാണ്. വ്യാജ ചെമ്പോല വാർത്തയിൽ ദേശാഭിമാനിക്കെതിരെ കേസെടുത്തിട്ടില്ല. മോൻസന്റെ സിംഹാസനത്തിൽ ഇരുന്നവർക്കെതിരെ കേസെടുത്തിട്ടില്ല. കെ സുധാകരനെതിരെ മാത്രമാണ് കേസെടുത്തത്. ഇതിനെ നിയമപരമായും ജനത്തെ അണിനിരത്തിയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഓഫീസിൽ നിന്നും തിട്ടൂരം വാങ്ങിയാണ് കേരളത്തിലെ പൊലീസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ സുധാകരനെ അറസ്റ്റ് ചെയ്താൽ അപ്പോൾ കാണാം. എഐ ക്യാമറ അഴിമതിയിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യും. കെ സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്തത് ചിലരെ ഭീഷണിപ്പെടുത്തിയാണ്. മുഖ്യമന്ത്രിയുടെ പിഎസിനെതിരെ മോൻസൻ മാവുങ്കലിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണം. മോൻസന് വിശ്വാസ്യത നൽകിയത് കേരളത്തിലെ പൊലീസാണെന്നും അദ്ദേഹം വിമർശിച്ചു.
പിന്നാലെ വ്യാജരേഖാ കേസിൽ വിദ്യക്കും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കും എതിരെ ഗുരുതര ആരോപണം വിഡി സതീശൻ ഉന്നയിച്ചു. വിദ്യക്ക് വ്യാജരേഖ ചമക്കാൻ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം പറഞ്ഞു. ആർഷോ അഞ്ച് മിനിറ്റും പത്ത്മിനിറ്റും പരീക്ഷയെഴുതി പാസായ ആളാണ്. ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ല. പ്രിൻസിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തിൽ മഹാരാജാസ് ഗവേണിംഗ് ബോഡി കേസ് കൊടുക്കേണ്ടതാണ്. ഗുരുതരമായ കേസ് നേരിടുന്ന വിദ്യയെ പാർട്ടി സംരക്ഷിക്കുകയാണ്. വിദ്യക്ക് പിറകിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ്. ആർഷോ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.