മംഗളൂരു: ഹാസനിലെ രാജീവ്, രത്ന നഴ്സിങ് കോളേജിൽ അറുപതോളം മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേൽക്കുന്നത്. കെ ആർ പുരയിൽ ഒരേ മാനേജ്മെന്റിന്റെകീഴിലുള്ള രാജീവ്, രത്ന എന്നീ കോളേജുകളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഇരു കോളേജുകളിലെയും വിദ്യാർഥികൾ ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഇവിടെനിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് കടുത്ത ഛർദിയും വയറിളക്കവും പിടിപ്പെട്ടത്. തിങ്കളാഴ്ചയോടെ അവശതയിലായ വിദ്യാർഥികളെ രാജീവ്, ജനപ്രിയ, ഹിംസ് ആശുപത്രികളിലും കോളേജിന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൂടുതൽ വിദ്യാർഥികൾ രോഗബാധിതരായി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ചൊവ്വാഴ്ച മിക്ക വിദ്യാർഥികളെയും നാട്ടിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങും. ഈയിടെ സമാനമായ രീതിയിൽ കൂട്ടത്തോടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. വൃത്തിഹീന സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഭക്ഷണത്തിൽനിന്ന് പ്രാണികളെയും മറ്റും കിട്ടുന്നത് നിത്യസംഭവമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.