തൃശ്ശൂർ: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛന്റെ നില ഗുരുതരമായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചന്ദ്രശേഖരനെ പ്രവേശിപ്പിച്ചിട്ടുളളത്. പതിനഞ്ച് കൊല്ലം മുമ്പാണ് വയനാട് സ്വദേശിയായ ചന്ദ്രശേഖരന്‍ തൃശൂരിലേക്കെത്തിയത്. ഇവിടെ വെച്ച് രണ്ടാമതും വിവാഹിതനായി. എന്നാൽ ഭാര്യ അടുത്തിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കുട്ടികളില്‍ ഒരാള്‍ അസുഖ ബാധിതയുമായിരുന്നു. ഈ മനോവിഷമമാണോ കൊലപാതകങ്ങളിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചതെന്നതിൽ വ്യക്തതയില്ല.
ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ ലോഡ്ജില്‍ ഇന്നലെ രാത്രിയാണ് ചന്ദ്രശേഖരനും മക്കളായ പന്ത്രണ്ടുകാരി ശിവനന്ദന, ഒന്പത് വയസ്സുള്ള ദേവനന്ദന എന്നിവരും മുറിയെടുത്തത്. ഇന്ന് രാവിലെ എഴ് മണിയോടെ ചന്ദ്രശേഖരനെ പുറത്തു കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മുറി ഒഴിയേണ്ടതായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ തട്ടി നോക്കി. പ്രതികരണമില്ലാത്തതിനെത്തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്. പൂട്ടു തകര്‍ത്ത് പൊലീസ് സംഘം അകത്തു കടന്നു. കുട്ടികളിലൊരാള്‍ കിടക്കയില്‍ മരിച്ചു കിടക്കുകയായിരുന്നു. മറ്റെയാളെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കൈഞരമ്പ് മുറിയ്ക്കുകയും വിഷം കഴിക്കുകയും ചെയ്ത നിലയില്‍ ചന്ദ്രശേഖരനെ ബാത്ത് റൂമിലാണ് കണ്ടെത്തിയത്. ചന്ദ്രശേഖരന് ജീവനുണ്ടെന്ന് മനസ്സിലായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ചന്ദ്രശേഖരന്‍റെ നില ഗുരുതരമാണ്. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.