കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അടിക്കടി പൊലീസും അധികാരത്തിന്റെ പിന്‍ബലത്തോടെ സംഘടിത രാഷ്ട്രീയ ശക്തികളും നടത്തുന്ന ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റത്തിനെതിരെ കോഴിക്കോട്ട് ജനകീയ പ്രതിഷേധമൊരുക്കുന്നു. ഫോറം ഫോര്‍ മീഡിയ ഫ്രീഡം സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെ മാധ്യമ വേട്ടയ്‌ക്കെതിരായ സംവാദ സദസ്സ് നാളെ (ജൂണ്‍ 14) വൈകിട്ട് അഞ്ചിന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കും. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ചലച്ചിത്ര നടന്‍ ജോയ് മാത്യു, പ്രഭാഷകനും എഴുത്തുകാരനുമായ എ.പി.അഹമ്മദ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ബാലകൃഷ്ണന്‍ ടി, എന്‍ പി ചെക്കുട്ടി, എ സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
മറുനാടന്‍ ടിവി തലവന്‍ ഷാജന്‍ സ്‌കറിയയെ ഭീഷണിപ്പെടുത്താനും നാടുനീളെ പരാതികള്‍ നല്‍കി കുടുക്കാനും ഭരണകക്ഷി എം.എല്‍.എയായ പി.വി.അന്‍വര്‍ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതിനുള്ള പ്രതികാരമായി ഷാജനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ വളഞ്ഞ വഴി തേടുകയാണ് ജനപ്രതിനിധി. ഷാജനെതിരെ പരാതിയുള്ളവരെ ഒരു ചരടില്‍ കോര്‍ത്ത് അവര്‍ക്കു സൗജന്യ നിയമസഹായം നല്‍കി മുന്‍പോട്ടു പോകുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഭരണത്തിന്റെ തണലിലാണ് എം.എല്‍.എയുടെ വഴിവിട്ട നീക്കങ്ങളെന്നു ഭരണകേന്ദ്രവുമായി ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.സമാനമാണ് ഏഷ്യാനെറ്റ് ന്യൂസ് എറണാകുളം റിപ്പോര്‍ട്ടര്‍ അഖില നന്ദകമാറിന് ഉണ്ടായിരിക്കുന്ന അനുഭവം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനു ഈ മാധ്യമപ്രവര്‍ത്തയ്‌ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. അറസ്റ്റോ മറ്റു പൊലീസ് നടപടികളോ നേരിടേണ്ടിവരുമെന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നു. വാര്‍ത്ത സംബന്ധിച്ചു പരാതി ഉയര്‍ന്നതിന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ അബ്‌ജോദ് വര്‍ഗീസിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു ചോദ്യംചെയ്യുന്ന ഞെട്ടിക്കുന്ന പ്രവര്‍ത്തനവും കേരള പൊലീസ് നടത്തിയിരിക്കുകയാണ്.
അല്‍പദിവസം മുന്‍പാണ് എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി റിപ്പോര്‍ട്ട് ചെയ്തതിന് മാതൃഭൂമി ടിവി റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തത്.മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിക്കടി ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണു പ്രതിഷേധമുയരുന്നത്. ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ സംഘടിത ശബ്ദമായി ഉയര്‍ത്താനുള്ള കൂട്ടായ്മയാണ് ഫോറം ഫോര്‍ മീഡിയ ഫ്രീഡം ഒരുക്കുന്നത്.