തിരൂർ: മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് സ്കൂള്‍ വിദ്യാർഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ ഹിബ (14), വെന്നിയൂർ മാട്ടിൽ സ്വദേശി കളത്തിങ്ങൽ ഹബീബിന്റെ മകൾ ഫിഫ്‌ന (14), കാച്ചടി സ്വദേശി കല്ലുങ്ങൽ തൊടി അഷ്‌റഫിന്റെ മകൾ ഫാത്തിമ ജുമാന (13), കരുബിൽ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകൾ അനന്യ (14) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം 4.25നാണ് സംഭവം. പരിക്കേറ്റവരെ ആദ്യം വെന്നിയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടക്കലിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന എൻ കെ ബി ബസിൽ നിന്നാണ് വിദ്യാർഥിനികൾ തെറിച്ച് വീണത്. മുൻ വശത്തെ വാതിലിലൂടെ കുട്ടികൾ പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് നപടിയെടുത്തു. തിരൂരങ്ങാടി ജോയിന്റ് ആർടിഒ ഇൻ ചാർജ് സി കെ സുൽഫിക്കർ അപകട സ്ഥലവും പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. ബസ് ചെമ്മാടത്തി പരിശോധിക്കുകയും ബസ്സിന്റെ ഡോർ ഉൾപ്പെടെ അപാകത കണ്ടെത്തിയതിനെ തുടർന്ന് ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു. അശ്രദ്ധപരമായ ഡ്രൈവിങ്ങിനും, ഡോറിന്റെ സുരക്ഷ ഉറപ്പുവരുത്താതെ ബസ് ഓടിച്ചതിനും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു.