നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയിലൊന്നാണ് ദഹനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍. ദഹനക്കുറവ്, ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, മലബന്ധം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ദഹനപ്രശ്നം മൂലമുണ്ടാകാം.
ഇത്തരത്തില്‍ ദഹനക്കുറവ് മൂലം വയര്‍ അസ്വസ്ഥമായാല്‍ ആശ്വാസം നേടാൻ എന്ത് ചെയ്യാം? ഇതാ വീട്ടില്‍ വച്ചുതന്നെ എളുപ്പത്തില്‍ കണ്ടെത്താവുന്ന അഞ്ച് പരിഹാരങ്ങള്‍.
- ഒന്ന്…
- അല്‍പം പെരുഞ്ചീരകം കടിച്ചുചവച്ച് കഴിക്കുന്നത് ദഹനം എളുപ്പത്തിലാക്കാനും ഗ്യാസ്ട്രബിളില്‍ നിന്ന് ആശ്വാസം ലഭിക്കാനുമെല്ലാം സഹായിക്കുന്നു. പെരുഞ്ചീരകം ബിപി നിയന്ത്രിക്കുന്നതിനും, കാഴ്ചാശക്തി വര്‍ധിപ്പിക്കുന്നതിനുമെല്ലാം പേരുകേട്ട ചേരുവയാണ്.
- രണ്ട്…
- ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒരു ചേരുവയാണ് ഇഞ്ചി. ഇഞ്ചിയും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഗ്യാസ്, ഓക്കാനം പോലുള്ള പ്രയാസങ്ങളെല്ലാം നീക്കുന്നതിന് ഇഞ്ചി പ്രയോജനപ്പെടുന്നു. മധുരം കുറച്ച്- പാല്‍ ചേര്‍ക്കാതെ, തയ്യാറാക്കിയ ഇഞ്ചി ചായ ചൂടോടെ കുടിക്കുന്നതാണ് ഏറെ നല്ലത്. കഴിയുന്നതും ഇതില്‍ പഞ്ചസാര ഒഴിവാക്കി തേൻ ചേര്‍ക്കുന്നതാണ് നല്ലത്.
- മൂന്ന്…
- കട്ടത്തൈര് കഴിക്കുന്നതും ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കും. പതിവായി കട്ടത്തൈര് അല്‍പം കഴിക്കുന്നത് ഉദരസംബന്ധമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് സഹായിക്കും. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് നല്ലതാണ്.
- നാല്…
- ദഹനപ്രശ്നങ്ങള്‍ നേരിടുന്നപക്ഷം ഒരു ഗ്ലാസ് വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും നല്ലതാണ്. ചെറുനാരങ്ങ- ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറെ സഹായകമാണ്.
- അഞ്ച്…
- പുതിനയിലയും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായകമായിട്ടുള്ളൊരു ചേരുവയാണ്. ദഹനക്കുറവ് മൂലം ഗ്യാസ്, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ തോന്നുമ്പോള്‍ അവ പരിഹരിക്കാനും പുതിനയില നല്ലതാണ്. സലാഡുകളിലോ, സ്മൂത്തികളിലോ, ചട്ണികളിലോ എല്ലാം ചേര്‍ത്ത് പുതിനയില ഫ്രഷായി തന്നെ കഴിക്കുന്നതാണ് ഏറെ നല്ലത്. അല്ലെങ്കില്‍ ചായയിലിട്ടും കഴിക്കാവുന്നതാണ്.