തിരുവനന്തപുരം : കൊവിഡ് അതിതീവ്രവ്യാപന പശ്ചാത്തലത്തില്‍ നൂറ് കണക്കിനാളുകളെ അണിനിരത്തി സിപിഐഎം തിരുവാതിരക്കളി സംഘടിപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി. കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും പാലിക്കേണ്ടത് തന്നെയാണെന്നും തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. മെഗാ തിരുവാതിര സംബന്ധിച്ച വിവാദത്തില്‍ സിപിഐഎം നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പാറശാലയില്‍ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് സിപിഐഎം തന്നെ സൂചിപ്പിച്ചതിന് ശേഷമാണ് വിവാദത്തില്‍ ആരോഗ്യവകുപ്പിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തുന്നത്.
സംസ്ഥാനം കൊവിഡ് മൂന്നാം തരംഗത്തിലാണെന്നും കനത്ത ജാഗ്രത ആവശ്യമാണെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാല്‍ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിച്ച 17% പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.