തിരുവനന്തപുരം : ഫെബ്രുവരി 15ന് ഉള്ളില്‍ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം നിര്‍ണായകമായിരിക്കുമെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തീവ്ര വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നുവെന്ന് വീണാ ജോര്‍ജ് അറിയിച്ചു. കൊവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദമാണ് നിലവില്‍ സംസ്ഥാനത്ത് പടരുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പനിയും പനി ലക്ഷണങ്ങളും ഉള്ളവര്‍ അത് അവഗണിക്കരുത്. അത്തരക്കാര്‍ പൊതു സമ്പര്‍ക്കം ഒഴിവാക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. പ്രായമുള്ളവരും മറ്റു രോഗങ്ങള്‍ ഉള്ളവരും കര്‍ശന ജാഗ്രത പുലര്‍ത്തണം. പോസിറ്റീവ് ആയവര്‍ കൃത്യമായ വിശ്രമം എടുക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗവും വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തൂീരുമാനം. കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വര്‍ധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ സജ്ജ്മാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിന് ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ സൗകര്യമുണ്ട്.