ഇന്ന് ജൂണ്‍ 14, ലോക രക്തദാന ദിനമായി ആചരിക്കുന്ന ദിനമാണിത്. രക്തദാനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇന്നേ ദിവസം രക്തദാന ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്‍റെ പശ്ചാത്തലത്തില്‍ രക്തദാനം നടത്തുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
വെള്ളം…
രക്തദാനം നടത്തുന്നതിന് മുമ്പും ശേഷവും നന്നായി വെള്ളം കുടിക്കണം. അതുപോലെ ജ്യൂസുകളും കഴിക്കുന്നത് ഏറെ നല്ലതാണ്. സാധാരണഗതിയില്‍ എത്ര വെള്ളമാണോ കുടിക്കുക, അതില്‍ക്കൂടുതല്‍ വെള്ളം രക്തദാനം ചെയ്യുന്ന ദിവസം കുടിക്കാൻ ശ്രദ്ധിക്കുക. ഫ്രഷ് പഴങ്ങള്‍- പച്ചക്കറികള്‍ എന്നിവയുടെ ജ്യൂസാണ് കഴിക്കേണ്ടത്.
ഭക്ഷണം…
രക്തദാനം നടത്തുന്നതിന് മുമ്പായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. കൊഴുപ്പ് കാര്യമായി അടങ്ങിയ ഭക്ഷണം, ജങ്ക് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക. പച്ചക്കറികള്‍, ഇലക്കറികള്‍ എല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്.
വസ്ത്രം…
രക്തദാനത്തിന് പോകുമ്പോള്‍ വസ്ത്രധാരണം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സ്ലീവ് (കൈ) മടക്കാൻ കഴിയുന്ന തരത്തിലുള്ള, അയഞ്ഞ വസ്ത്രമായിരിക്കണം ധരിക്കേണ്ടത്. പലരും ഇതറിയാതെ ആശുപത്രിയിലോ ബ്ലഡ് ബാങ്കിലോ എത്തിയ ശേഷം പ്രതിസന്ധിയിലാകാറുണ്ട്.
സ്ട്രെസ്…
രക്തദാനം നടത്തുകയെന്നത് പ്രാധാന്യമുള്ളൊരു കാര്യമാണെങ്കിലും ഇതില്‍ ഭയപ്പെടാനോ ആശങ്കപ്പെടാനോ യാതൊന്നുമില്ല. അതിനാല്‍ തന്നെ രക്തദാനം ചെയ്യുന്ന സമയത്ത് സ്ട്രെസ്, ടെൻഷൻ ഒന്നും അരുത്. പാട്ട് കേള്‍ക്കുകയോ, പുസ്തകം വായിക്കുകയോ, സുഹൃത്തുക്കളോട് സംസാരിക്കുകയോ എല്ലാം ചെയ്യാവുന്നതാണ്.
രക്തം വരുന്നുവെങ്കില്‍…
രക്തദാനത്തിന് ശേഷം കുത്തിവച്ച സ്ഥലത്ത് നിന്ന് രക്തം പൊടിയുകയാണെങ്കില്‍ ഭയപ്പെടരുത്. ഇത് സ്വാഭാവികമാണെന്ന് മനസിലാക്കണം. കൈ സ്ട്രൈറ്റായി നീട്ടിപ്പിടിച്ച് കുത്തിവച്ച സ്ഥലത്ത് വിരല്‍ കൊണ്ട് 5-10 മിനുറ്റ് പ്രസ് ചെയ്താല്‍ മതി. ഇതിന് ശേഷവും രക്തം വരുന്നത് നിലയ്ക്കുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.
കുത്തിവച്ച സ്ഥലത്തെ ബാൻഡേജ് സ്ട്രിപ് അടുത്ത രണ്ടുമൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാറ്റാതിരിക്കുന്നതാണ് നല്ലത്.
വ്യായാമം…
രക്തദാനം നടത്തിയ ശേഷം കഠിനമായ വ്യായാമം, ജോലികള്‍ എന്നിവ പരമാവധി ഒഴിവാക്കുക. അടുത്ത 24 മണിക്കൂറിലേക്കാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.
അയേണ്‍…
രക്തദാനം നടത്തുന്നവര്‍ പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. മുട്ട, നട്ട്സ്, ഡ്രൈഡ് ഫ്രൂട്ട്സ്, ഓട്ട്സ്, ഇലക്കറികളെല്ലാം കഴിക്കുന്നത് നല്ലതാണ്.
തലകറക്കം…
രക്തദാനം നടത്തുന്നതിന്‍റെ ഭാഗമായി തലകറക്കം അനുഭവപ്പെടുന്നുവെങ്കില്‍ ഇത് കൂടെയുള്ളവരെ അറിയിക്കണം. രക്തമെടുക്കുമ്പോഴോ ശേഷമോ തലകറക്കമുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയം ടെൻഷൻ അടിക്കാതെ വിശ്രമിക്കുകയാണ് വേണ്ടത്. കായികാധ്വാനവും ചെയ്യരുത്.