തിരുവനന്തപുരം: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ ഈ മാസം 23 വരെ ഹാജരാകില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കേസിൽ പ്രതി ചേർത്തതിനെതിരെ കോടതിയെ സമീപിക്കുന്നതിനും ഇന്ന് തീരുമാനമുണ്ടാകും. അതേ സമയം സുധാകരനെതിരെ ഡിജിറ്റൽ രേഖകൾ തെളിവായി ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്.
ഒരാഴ്ചത്തെ സാവകാശമാണ് കെ സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്. മറ്റ് ചില നിശ്ചയിച്ച പരിപാടികളുമുണ്ട്. അതുകൊണ്ട് ഒരാഴ്ചത്തെ സാവകാശം ആണ് ചോദിച്ചിരിക്കുന്നത്. 23ാം തീയതിയാണ് സുധാകരന്റെ അഭിഭാഷകർ ക്രൈം ബ്രാഞ്ച് സംഘത്തെ അറിയിച്ചിട്ടുള്ളത്. പുതിയ നോട്ടീസ് അയക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ഇന്ന് തന്നെ ആരംഭിക്കും.
കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. പണം നൽകിയ ദിവസം മോൻസന്റെ വീട്ടിൽ കെ സുധാകരന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഗാഡ്ജറ്റുകളിൽ നിന്ന് ഫോട്ടോകൾ വീണ്ടെടുത്തു. പണം നൽകിയത് 2018 നവംബർ 22 ഉച്ചക്ക് 2 മണിക്കാണ്. പരാതിക്കാരൻ അനൂപ് മുഹമ്മദ് പണം നൽകിയ ദിവസം മോൻസന്റെ വീട്ടിൽ കെ സുധാകരൻ എത്തിയതിന് ഡിജിറ്റല്‍ രേഖകള്‍ തെളിവാക്കുകയാണ് ക്രൈംബ്രാഞ്ച്.
മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ ഐജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ വകുപ്പുതല റിപ്പോർട്ട്. മോൻസന്റെ തട്ടിപ്പുകൾക്ക് സഹായം ചെയ്യാൻ ഐജി കൂട്ടുനിന്നുവെന്ന് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. എഡിജിപി ടി കെ വിനോദ് കുമാറാണ് വകുപ്പ് തല അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ലക്ഷ്മണിന്റെ എഡിജിപി സ്ഥാനക്കയറ്റം തടഞ്ഞുവച്ചിരിക്കുന്നത്.