കോഴിക്കോട് : എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിഷയത്തിൽ മഹാരാജാസിലെ അധ്യാപക സംഘടന രണ്ടു തട്ടിൽ. ഹിസ്റ്ററി അധ്യാപകനായ വിനോദ് കുമാറിനെ പ്രതിയാക്കിയതിൽ ഇടതു അധ്യാപക സംഘടനയിലെ ബഹുഭൂരിപക്ഷം പേരും എതിരാണ്. ആർഷോക്ക് പരീക്ഷ എഴുതാൻ ഹാജരില്ലെന്ന് ചൂണ്ടിക്കാണിച്ചത് വിനോദ് കുമാർ ആയിരുന്നു. ഒറ്റ ദിവസം പോലും ക്ലാസിലിരിക്കാത്ത ആർഷോയെ പരീക്ഷക്കിരുത്താൻ കഴിയില്ല എന്ന നിലപാടിൽ വിനോദ് ഉറപ്പിച്ചു നിന്നു.
ഹാജരില്ലാത്ത പല എസ്.എഫ്.ഐ നേതാക്കളെയും വിനോദ് പുറത്താക്കിയിരുന്നു. എന്നാൽ, പ്രിൻസിപ്പലിന് മേൽ സമർദം ചെലുത്തി ചില നേതാക്കൾ പരീക്ഷയെഴുതാൻ അനുമതി നേടി. പരീക്ഷയെഴുതാൻ വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ചിലർ കടമ്പ കടന്നത്. സമാനായ കാര്യത്തിൽ എസ്.എഫ്.ഐയുടെ പല നേതാക്കൾക്കും വിനോദ് കുമാറിനോട് ശത്രുതയുണ്ട്. എസ്.എഫ്.ഐ നേതാക്കളുടെ നിർദേശത്തിനനുസരിച്ച് പ്രവർത്തിക്കുന്ന അധ്യാപകനല്ല വിനോദ് കുമാർ. വിദ്യാർഥി സംഘടനയുടെ യൂനിറ്റ് സെക്രട്ടറി മുതൽ മുതിർന്ന നേതാക്കളെല്ലാം വിനോദ് കുമാറിന് എതിരാണ്. വിദ്യാർഥി നേതാക്കളുടെയും കണ്ണിലെ കരടാണ് അധ്യാപകൻ.
അധ്യാപകരുടെ അഭിപ്രായത്തിൽ വിനോദ് കുമാറിനെ പ്രതിയാക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. അദ്ദേഹം കോഡിനേറ്റർ മാത്രമാണ്. സാങ്കേതിക കാര്യങ്ങളുമായി അദ്ദേഹത്തിനു ബന്ധമില്ല. അദ്ദേഹത്തോടൊപ്പം ഒരു വിഭാഗം അധ്യാപകർ ഉറച്ചുനിൽക്കുന്നു എന്നതാണ് ഇപ്പോൾ സംഘടന നേരിടുന്ന വലിയ പ്രതിസന്ധി. നിയമം വിട്ട് ഒന്നും ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ഒരു സംഘം അധ്യാപകർ. എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയിലെ ചില അംഗങ്ങൾ കഴിഞ്ഞ ദിവസം വിനോദ് കുമാറിനെ കാണാൻ എത്തിയിരുന്നു.
അധ്യാപക സംഘടനയുടെ തലപ്പത്തുള്ള നേതാവും ജില്ലയിലെ മന്ത്രിയും തമ്മിൽ ഇക്കാര്യത്തിൽ ചില ഇടപെടലുകൾ നടത്തുന്നുണ്ട്. ഇപ്പോഴും പുറത്തിരുന്ന് മഹാരാജാസിനെ നിയന്ത്രിക്കുന്നത് ഈ മന്ത്രിയാണെന്ന ആക്ഷേപവും നിലവിലുണ്ട്. ആർഷോ ഉന്നത നേതാകൾക്ക് വേണ്ടപ്പെട്ടയാളാണ്. അതിനാൽ അധ്യാപക സംഘടനയിലെ ഉന്നത നേതാവ് വിനോദ് കുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ആർഷോയെ അനുകൂലമായി റിപ്പോർട്ട് നൽകണം എന്നാണ്. പ്രിൻസിപ്പലിനെ നിയന്ത്രിക്കുന്നത് അധ്യാപക സംഘടനയുടെ തലവനാണ്. അദ്ദേഹം ആർഷോക്ക് ഒപ്പമാണ്. കോർഡിനേറ്റർ സ്ഥാനം രാജിവെക്കണമെന്ന് വിനോദ് കുമാറിന്മേൽ സമ്മർദ്ദം ഉണ്ടായതായും സൂചനയുണ്ട്.
അതിന് വിനോദ് കുമാർ വഴങ്ങിയിട്ടില്ല. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് രാജിവച്ച് പിൻവാങ്ങാൻ തയാറല്ലെന്നും വിനോദ് കുമാർ പറഞ്ഞതായി അറിയുന്നു. വേണ്ടിവന്നാൽ വിനോദ് കുമാറിനെ പുറത്താക്കാനും സാധ്യതയുണ്ട്. പാർട്ടി നേതാക്കളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്നയാളാണ് അധ്യാപക സംഘടന നേതാവ്. ആർഷോയെ സംരക്ഷിക്കണമെന്ന കാര്യത്തിൽ പാർട്ടി സമ്മർദ്ദം ശക്തമാണെന്ന് അധ്യാപകർ പറയുന്നു.
അതേസമയം, കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലും വിഷയം സങ്കീർണമായി. എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട നൂറോളം പേരെങ്കിലും ഹോസ്റ്റലിലെ സ്ഥിര സന്ദർശകരോ താമസക്കാരോ ആണ്. ഇവർക്ക് സംഘടനക്കുമേൽ സ്വാധീനമുള്ളതിനാൽ ഹോസ്റ്റൽ അടക്കി ഭരിക്കുന്നത് ഈ സംഘമാണ്. ഇതിനെതിരെ 30ലധികം വിദ്യാർഥികൾ ഹോസ്റ്റൽ ഓഫിസിൽ പരാതി നൽകി. ഹോസ്റ്റൽ അധികാരി നിവേദനം പ്രിൻസിപ്പലിന് കൈമാറിയെന്നാണ് സൂചന. സുരക്ഷിതത്വം ഒരുക്കണമെന്നാണ് പരാതിയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹോസ്റ്റൽ ഒഴിഞ്ഞു പോകാൻ വിദ്യാർഥികൾ തയാറല്ല. ഇവർക്കെതിരെ വിദ്യാർഥി സംഘടനയുടെ ഭീഷണി ഉയരുകയാണ്. വിദ്യാർഥികളുടെ യോഗം വിളിക്കാൻ ഹോസ്റ്റൽ ഓഫിസ് അധികൃതർ തീരുമാനിച്ചെങ്കിലും സംഘർഷം ഉണ്ടാകുമെന്ന ഭയത്താൽ തീരുമാനം മാറ്റി.
അതേസമയം, അട്ടപ്പാടിയിൽ കെ. വിദ്യക്കൊപ്പം എത്തിയത് എസ്.എഫ്.ഐയുടെ ഉന്നത നേതാവാണെന്നും സൂചന. അട്ടപ്പാടിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ കാറിലാണ് അഭിമുഖത്തിന് എത്തിയത്.