നോയിഡ: ലുങ്കിയും നൈറ്റിയും ധരിക്കരുതെന്ന വിചിത്ര നിർദേശവുമായി നോയിഡയിലെ അപ്പാര്‍ട്ട്മെന്‍റ് ഉടമകള്‍. ലുങ്കിയുടുത്തും നൈറ്റി ധരിച്ചും പൊതുഇടങ്ങളിലും പാർക്കിലും വരരുതെന്നാണ് നിർദേശം. ഗ്രേറ്റർ നോയിഡയിലെ ഹിമസാഗർ സൊസൈറ്റിയിലുള്ള റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് കഴിഞ്ഞ 10ന് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത്.
‘സൊസൈറ്റിയുടെ പരിസരത്ത് നടക്കാനുള്ള ഡ്രസ് കോഡ്’ എന്ന തലക്കെട്ടിലാണ് സർക്കുലർ പുറത്തിറക്കിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും നിങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. അങ്ങനെ ആര്‍ക്കും നിങ്ങളെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടാക്കരുത്. അതിനാല്‍ വീട്ടില്‍ ധരിക്കുന്ന ലുങ്കിയും നൈറ്റിയും ധരിച്ച് ചുറ്റിക്കറങ്ങരുതെന്ന്’ സര്‍ക്കുലറില്‍ പറയുന്നു. ഏതാനും സ്ത്രീകളിൽനിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ഈ മാർഗനിർദേശങ്ങൾ പാലിക്കാൻ താമസക്കാരോട് ആവശ്യപ്പെട്ടതെന്ന് റസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ. കല്‍റ പറഞ്ഞു.
വ്യാപക വിമർശനമാണ് സർക്കുലറിനെതിരെ ഉയരുന്നത്. താമസക്കാരുടെ വ്യക്തിപരമായ ചോയ്സുകളിൽ ഇടപെടുന്നത് ശരിയല്ലെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പലരും പ്രതികരിച്ചു.