നൈജീരിയ∙ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വിവാഹബോട്ട് മുങ്ങി സ്ത്രീകളും കുട്ടികളും അടക്കം 103 പേർ മരിച്ചു. നൈജർ നദിയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വടക്കൻ നൈജീരിയയിലെ കുവാര സംസ്ഥാനത്തെ പതേഗി ജില്ലയിലാണ് സംഭവം. സംസ്ഥാന തലസ്ഥാനമായ ഇലോറിനിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. നൂറുപേരെ ഇതിനോടകം തന്നെ രക്ഷപ്പെടുത്തിയതായി പൊലീസ് വക്താവ് ഓകാസൻമി അജായി പറഞ്ഞു.
മരിച്ചവരിൽ ഏറെയും ബന്ധുക്കളാണ്. ഗ്രാമത്തിലെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു ഭൂരിഭാഗവും. മോട്ടർ സൈക്കിളിലാണ് പലരും വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയത്. എന്നാല്‍ മഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയിരിക്കുകയായിരുന്നു. തുടർന്നാണ് പ്രാദേശികമായി നിർമിച്ച ബോട്ടിൽ ഇവർക്കു സഞ്ചരിക്കേണ്ടി വന്നതെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.
‘300 പേരോളം ബോട്ടിലുണ്ടായിരുന്നു. ബോട്ടിലേക്കു വെള്ളം കയറുകയും ബോട്ട് രണ്ടായി പിളരുകയും ചെയ്തു. എഗ്ബോട്ടി എന്ന ഗ്രാമത്തിലായിരുന്നു വിവാഹം.പുലർച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. 50 പേരെയാണ് തുടക്കത്തിൽ രക്ഷപ്പെടുത്താനായത്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനങ്ങൾ പ്രയാസമായിരുന്നു എന്നും പ്രദേശവാസികൾ അറിയിച്ചു. ബുധനാഴ്ച രാത്രിവരെ രക്ഷാപ്രവർത്തനങ്ങൾ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരച്ചില്‍ തുടരുകയാണെന്നും പൊലീസ്‌വൃത്തങ്ങൾ അറിയിച്ചു.
ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബോട്ടപകടമാണുണ്ടായിരിക്കുന്നതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ പരമാവധി മൃതദേഹങ്ങളും കണ്ടെത്തി സംസ്കരിച്ചു. സംഭവത്തിൽ കുവാര ഗവർണർ അബ്ദുല്‍ റഹ്മാൻ അബ്ദുൽ റസാഖ് അനുശോചനം രേഖപ്പെടുത്തി. നൈജീരിയയിൽ ബോട്ടപകടം സർവസാധാരണമാണ്. പക്ഷേ, ഇത്രയും വലിയ ദുരന്തം ആദ്യമായാണ് സംഭവിക്കുന്നത്. പ്രാദേശികമായി നിർമിച്ച ബോട്ടുകളാണ് സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. പല ബോട്ടുകളുടെയും നിർമാണം വളരെ പരിതാപകരമായ രീതിയിലാണെന്നും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.