കൊച്ചി: നാൾക്കുനാൾ കോവിഡ് വർധിക്കുന്ന ജില്ലയിൽ നിലവിൽ റിപ്പോർട്ട് ചെയ്തത് 27 ക്ലസ്റ്റർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫിസുകൾ, ബാങ്കുകൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ചാണിവ. സ്ഥാപനങ്ങളിലും മറ്റും രണ്ടോ അതിലധികമോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ ജില്ല കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ഡി.എം.ഒ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണ പ്രതിരോധ ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യസ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറത്തിറക്കി.
ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കും.രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. ടെലി മെഡിസിൻ സംവിധാനം എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തിക്കും. താലൂക്കുതലത്തിൽ കൺട്രോൾ റൂമുകളും താലൂക്ക് ആശുപത്രികളിൽ ട്രയാജ് സംവിധാനത്തോടെ കോവിഡ് ഒ.പിയും ആരംഭിക്കും. താലൂക്ക് ആശുപത്രികളിൽ എത്തുന്ന രോഗികളെ ആവശ്യമെങ്കിൽ അവിടതന്നെ അഡ്മിറ്റ് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കും. റഫറൽ ആവശ്യമായ രോഗികളെ അമ്പലമുകൾ കോവിഡ് സെന്‍ററിലേക്ക് മാറ്റും.
അവിടെ ചികിത്സ നൽകാൻ സാധിക്കാത്ത രോഗികളെ ഡി.സി.ടി.സി ആലുവ, കളമശ്ശേരി ഗവ. മെഡിക്കൽ കോളജ്, കാസ്പ് ഉള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് മാറ്റും.
അമ്പലമുകളിൽ നിന്ന് ഡൗൺ ഷിഫ്റ്റ് ചെയ്യുന്ന രോഗികൾക്ക് വടക്കൻ പറവൂർ, പിറവം, ഫോർട്ട്കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ, പള്ളുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ഡി.സി.സികളിലേക്ക് മാറ്റും. ജില്ലതല കോവിഡ് കൺട്രോൾ റൂം, ഷിഫ്റ്റിങ് കൺട്രോൾ റൂം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.