കൊച്ചി> തിരുവനന്തപുരം കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ എസ്‌എഫ്‌ഐ നേതാവായ എ വിശാഖിനെ ചൊവ്വ വരെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സംഭവത്തിന് പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവാണ് ഉത്തരവാദിയെന്നും തനിക്ക് പങ്കില്ലെന്നും ചൂണ്ടിക്കാണിച്ച് എ വിശാഖ് നൽകിയ മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്‌ച പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ് അറസ്‌റ്റ് തടഞ്ഞ് കോടതി ഉത്തരവിട്ടത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാൻ പ്രോസിക്യൂഷനോട് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.
കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിൽ പട്ടികയിൽ വിശാഖ് കടന്നുകൂടിയത് നിസ്സാരമായി കാണാനാകില്ലെന്നും പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കേസ് ഡയറി പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ ഒന്നാംപ്രതിയാക്കിയും എ വിശാഖിനെ രണ്ടാംപ്രതിയാക്കിയുമാണ് കേസെടുത്തിട്ടുള്ളത്.
കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിക്കുപകരം എ വിശാഖിന്റെ പേരുചേർത്ത് പ്രിൻസിപ്പലാണ് കേരള സർവകലാശാലയ്ക്ക് പട്ടിക നൽകിയതെന്നും സർവകലാശാലയുടെ പരാതിയിലാണ് കേസെടുത്തതെന്നും അന്വേഷണം നടത്താതെയാണ് പൊലീസ് പ്രതിചേർത്തതെന്നും ആരോപിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.