തിരുവനന്തപുരം> മൃഗശാലയിൽനിന്ന് പുറത്തു ചാടിയ ഹനുമാൻകുരങ്ങ് മൃഗശാലാ കോമ്പൗണ്ടിൽ തിരിച്ചെത്തി. മൃഗശാലയുടെ ഉള്ളിൽ തന്നെയുണ്ടെങ്കിലും കുരങ്ങ് കൂട്ടിൽ കയറിയിട്ടില്ല. ചൊവ്വാഴ്‌ച വൈകിട്ടാണ് തിരുപ്പതിയിൽനിന്നും പുതുതായി കൊണ്ടുവന്ന ഒരു ജോഡി ഹനുമാൻകുരങ്ങുകളിലെ പെൺകുരങ്ങ് കോമ്പൗണ്ടിന് പുറത്തേക്ക് ചാടിയത്.
മൃഗശാലാ ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് കുരങ്ങ് മൃഗശാലയിൽ തിരിച്ചെത്തിയതായി കണ്ടെത്തിയത്. ബുധൻ പകൽ 11 ഓടെ കാട്ടുപോത്തിന്റെ കൂടിനടുത്തായി ആഞ്ഞിലിമരത്തിനുമുകളിൽ കണ്ട കുരങ്ങ് മൃഗശാലയിൽ കറങ്ങി ആദ്യം പാർപ്പിച്ച കൂടിന്റെ സമീപത്തുള്ള മരത്തിനുമുകളിൽ ഒളിക്കുകയായിരുന്നു. കുരങ്ങിനെ നിരീക്ഷിക്കാനായി ജീവനക്കാരെ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
ഇതിന്റെകൂടെ കൊണ്ടുവന്ന ആൺകുരങ്ങ് മൃഗശാലയിലുള്ളതിനാൽ ഇത് വീണ്ടും പുറത്തേക്ക് ചാടാൻ സാധ്യതയില്ലെന്നും ആളൊഴിയുന്നതോടെ കൂട്ടിൽ തിരിച്ചുകയറിയേക്കാമെന്നും മൃഗശാലയിലെ സീനിയർ വെറ്ററിനറി സർജൻ ജേക്കബ് അലക്സാണ്ടർ പറഞ്ഞു. വ്യാഴാഴ്‌ച മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ പുതുതായെത്തിയ സിംഹങ്ങളെയും ഹനുമാൻ കുരങ്ങുകളെയും പ്രദർശനത്തിനായി തുറന്ന കൂട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഹനുമാൻ കുരങ്ങ് ചാടിയതോടെ ഇവയുടെ സമ്പർക്ക വിലക്ക് നീട്ടും. സിംഹങ്ങളെ തുറന്ന കൂട്ടിൽ പ്രദർശിപ്പിക്കും.