കൽപ്പറ്റ> പുൽപ്പള്ളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്‌പാ തട്ടിപ്പിൽ അറസ്‌റ്റിലായ ബാങ്ക് മുൻപ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ അബ്രഹാമിനെ ബാങ്കിലും പുൽപ്പള്ളിയിലെ വീട്ടിലും എത്തിച്ച് പൊലീസ് തെളിവെടുത്തു. റിമാൻഡിലുള്ള അബ്രഹാമിനെ ബുധൻ രാവിലെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
വൈകിട്ട് അഞ്ചുവരെയായിരുന്നു കസ്‌റ്റഡിയിൽ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ് അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ പകൽ 2.30ഓടെ പ്രതിയുമായി പൊലീസ് ബാങ്കിലെത്തി. ഇവിടെ ഒരുമണിക്കൂർ തെളിവെടുത്തശേഷം പുൽപ്പള്ളി ചുണ്ടക്കൊല്ലിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. നാലോടെ വീട്ടിൽനിന്ന് മടങ്ങി. നിരവധി പേർ ബാങ്ക്, വീട് പരിസരങ്ങളിൽ നിലയുറപ്പിച്ചിരുന്നു.
അതിനിടെ അബ്രഹാം ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 20ലേക്ക് മാറ്റി. വിശദമായ വാദം കേൾക്കാനാണ് മാറ്റിയത്. രണ്ടുതവണ വയനാട് ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. വ്യാജരേഖ ചമച്ച് വായ്‌പാ തട്ടിപ്പ്, വിശ്വാസവഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അബ്രഹാമിനെ കഴിഞ്ഞ 31ന് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വായ്‌പാ തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിനെ തുടർന്നായിരുന്നു അറസ്‌റ്റ്. അബ്രഹാമിന്റെ നേതൃത്വത്തിൽ എട്ടരക്കോടിയോളം രൂപയുടെ വായ്‌പാ തട്ടിപ്പാണ് നടത്തിയത്. രണ്ടാംപ്രതി ബാങ്ക് മുൻ സെക്രട്ടറി രമാദേവിയും റിമാൻഡിലാണ്.