ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ. മൂന്ന് ബ്ലോക്കുകളിൽ രണ്ടെണ്ണം ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഹൃദയത്തിൻ്റെ ഇടത്തു ഭാഗത്തുള്ള ബ്ലോക്ക് 80 ശതമാനവും, വലതുഭാഗത്തുള്ള ബ്ലോക്ക് 90 ശതമാനവുമാണ്. ആശുപത്രി മാറ്റത്തിലെ കോടതി വിധിക്ക് വേണ്ടി കാക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ, സെന്തിൽ ബാലാജിക്കെതിരെ എന്‍ഫോസ്മെന്‍റ് ഡയറക്റേറ്റ്. സെന്തിൽ ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്ന് ഇഡിയുടെ കസ്റ്റഡി അപേക്ഷ പറയുന്നു. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്‍റെ പേരില്‍ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദാനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം, ബാലാജിയുടെ ജാമ്യാപേക്ഷ ഇന്ന് ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയും പരിഗണിക്കും. ബാലാജിയുടെ ഭാര്യ നൽകിയ ഹെബിയസ് കോർപസ് ഹർജി ഇന്ന് കേൾക്കാമെന്ന് മദ്രാസ് ഹൈക്കോടതിയും അറിയിച്ചിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്. 17 മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷം, ഇന്നലെ പുലർച്ചെയാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രിയായ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. അതിനിടെ, സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.