നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹം അളക്കുന്നതിന് വേണ്ടി ചെറിയ ചില പരീക്ഷണങ്ങളും പ്രാങ്കുകളും ഒക്കെ നാം നടത്താറുണ്ട്. എന്നാൽ, അവ വലിയ അപകടമൊന്നും ഇല്ലാത്തവയായിരിക്കും. വീട്ടുകാരും കൂട്ടുകാരും ഒക്കെ എങ്ങനെ പെരുമാറുന്നു എന്നും അവർക്ക് നമ്മളോട് എത്രത്തോളം സ്നേഹമുണ്ട് എന്നുമൊക്കെ അറിയാനായിരിക്കും ഈ ചില്ലറ തരികിട പരിപാടി നാം ചെയ്യുന്നത്. എന്നാൽ, ഇവിടെ ഒരു ടിക്ടോക്കർ ചെയ്തത് അത്ര ചെറിയ പ്രാങ്കല്ല.
തന്റെ ബന്ധുക്കളെയും മറ്റും ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണത്രെ ഡേവിഡ് ബാർട്ടൺ ഈ പ്രാങ്ക് ചെയ്തത്. കുടുംബത്തിനകത്ത് ആളുകൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ടിരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കുക എന്നതായിരുന്നു ഡേവിഡിന്റെ പ്രാങ്കിന്റെ പ്രധാനലക്ഷ്യമെന്നും പറയുന്നു. ഇതിന് വേണ്ടി സ്വന്തം മരണമാണ് ഇയാൾ വ്യാജമായി സൃഷ്ടിച്ചത്. ഇതുവഴി കുടുംബക്കാർ, ഓരോരുത്തരുമായും ബന്ധം പുതുക്കുന്നതിനേക്കുറിച്ചും പരസ്പരം സംസാരിക്കുന്നതിനെ കുറിച്ചും മറ്റുമെല്ലാം ബോധവാന്മാരായിരിക്കും എന്നാണ് ഡേവിഡ് കരുതുന്നത്.
ശവസംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടക്കവെ ഒരു ഹെലികോപ്റ്ററിൽ ഡേവിഡ് വന്നിറങ്ങുകയായിരുന്നു. 45 -കാരനായ ഡേവിഡിന്റെ മകളും അച്ഛൻ മരിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള സന്ദേശങ്ങൾ പങ്ക് വച്ചു. അതിൽ പറയുന്നത്, ‘റെസ്റ്റ് ഇൻ പീസ് ഡാഡി, ഞാൻ എപ്പോഴും നിങ്ങളെ കുറിച്ചോർക്കും. ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെ കരുണയില്ലാത്തതാവുന്നത്. എന്തുകൊണ്ട് നിങ്ങൾ? നിങ്ങൾ ഒരു മുത്തച്ഛനാവാൻ പോവുകയാണ്. ജീവിതം മുഴുവനും നിങ്ങൾക്കായി നീണ്ടുപരന്ന് കിടക്കുകയാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു. ഞങ്ങൾ നിങ്ങളെ മറക്കില്ല’ എന്നാണ്.
കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് സുഹൃത്തുക്കളും ബന്ധുക്കളും അടക്കം എല്ലാവരും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേരുകയും ചെയ്തു. എന്നാൽ, അധികം വൈകാതെ ഡേവിഡ് ഒരു ഹെലികോപ്റ്ററിൽ വന്നിറങ്ങുകയായിരുന്നു. ഇത് അവിടെ കൂടി നിന്നവരെ ആകെത്തന്നെയും ഞെട്ടിച്ചു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.