ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളാതെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അസംഗഢിലെ ജനങ്ങൾ അനുവദിക്കുകയാണെങ്കിൽ മത്സരിക്കും. ജനങ്ങൾ ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അഖിലേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപിയിൽ ചേർന്ന മുലായം സിങ് യാദവിന്‍റെ മരുമകള്‍ അപർണ യാദവിനെ പരിഹസിക്കാനും അഖിലേഷ് മറന്നില്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ ബിജെപിയിലും വ്യാപിക്കുന്നതിൽ സന്തോഷമുണ്ട് എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. അപർണയുടെ ബിജെപി പ്രവേശത്തെ പരിഹസിച്ച അഖിലേഷ്, തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും അഭിപ്രായപ്പെട്ടു. ജനസ്വാധീനമില്ലാത്തവരാണ് പാർട്ടി വിട്ടത്. അപർണയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ മുലായംസിങ് യാദവ് ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കൊവിഡ് മാനദണ്ഡങ്ങളും സമാജ് വാദി പാർട്ടി പാലിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എസ് പിയുടെ കാലത്തുണ്ടായിരുന്ന പെൻഷൻ പദ്ധതി വീണ്ടും കൊണ്ടുവരും. എസ് സി – എസ്ടി വിഭാഗങ്ങളിൽ നിന്ന് തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നതായിരുന്നു നേരത്തെ അഖിലേഷിന്‍റെ തീരുമാനം. എന്നാല്‍ യോഗി ആദിത്യനാഥ് അസംഗഢിലെ ഗോരഖ്പ്പൂരില്‍ നിന്ന് മത്സരിക്കുന്നതാണ് പുനർവിചിന്തിനത്തിന് എസ്പിയെ പ്രേരിപ്പിക്കുന്നത്.
അതേ സമയം മുലായം സിങ് യാദവിന്റെ മരുമകളുടെ ബിജെപി പ്രവേശം സമാജ്‍വാദി പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ് എന്നാണ് വിലയിരുത്തൽ. പിന്നാക്ക വിഭാഗം നേതാക്കള്‍ കൂട്ടത്തോടെ എസ്പിയില്‍ ചേർന്നതിന് തിരിച്ചടിയായാണ് ബിജെപി നീക്കം. മൂന്ന് മന്ത്രിമാരും എംഎല്‍എമാരും ബിജെപിയില്‍ നിന്ന് സമാജ്‍വാദി പാർട്ടിയില്‍ ചേർന്നതിന് പിന്നാലെയാണ് ബിജെപിയുടെ രാഷ്ട്രീയ സർജിക്കല്‍ സ്ട്രൈക്ക്. പിന്നാക്ക വിഭാഗം നേതാക്കളെ അടർത്തിയെടുത്ത് പ്രതിരോധത്തിലാക്കിയ അഖിലേഷിന്റെ കുടംബത്തില്‍ നിന്നൊരാളെ തന്നെ മറുചേരിയില്‍ എത്തിച്ചാണ് ബിജെപിയുടെ മറുപടി.
മുലായംസിങ് യാദവിന്‍റെ മകന്‍ പ്രതീക് യാദവിന്‍റെ ഭാര്യയാണ് ബിജെപിയില്‍ ചേർന്ന അപര്‍ണയാദവ്. മുലായംസിങിന്‍റെയും രണ്ടാം ഭാര്യ സാദന യാദവിന്‍റെയും മകനാണ് അഖിലേഷിന്‍റെ അര്‍ധസഹോദരനായ പ്രതീക്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രചോദിതയയാണ് പാര്‍ട്ടിയിലേക്ക് എത്തുന്നതെന്നാണ് അപർണ യാദവ് പറഞ്ഞത്. മുൻപ് പലപ്പോഴും ബിജെപി അനുകൂല നിലപാട് എടുത്ത് അപർണ യാദവ് വിവാദം സൃഷ്ടിച്ചിരുന്നു. 2017 ല്‍ ലക്നൗ കാന്‍റ് മണ്ഡലത്തില്‍ നിന്ന് എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയായ റീത്ത ബഹുഗുണ ജോഷിയോട് തോല്‍ക്കുകയായിരുന്നു.