പട്ന ∙ പ്രഭാത നടത്തത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ രണ്ടു ബൈക്കുകളിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയവർ പിടിയിലായി. റോഡിൽ നിന്നു നിതീഷ് പെട്ടെന്നു നടപ്പാതയിലേക്ക് ചാടിക്കയറിയതിനാൽ അപകടം ഒഴിവായി. ബൈക്ക് ഓടിച്ചിരുന്ന രണ്ടു പേരെയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം സർക്കുലർ റോഡിലായിരുന്നു സംഭവം.
ബൈക്ക് ഓടിച്ചവർ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയം ഭേദിച്ചു കയറിയതു ഗുരുതരമായ സുരക്ഷാവീഴ്ചയായി. നൂറു കിലോമീറ്ററോളം വേഗത്തിലായിരുന്നു ബൈക്കുകൾ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിടിയിലായവരെ സചിവാലയ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.ഇതേ തുടർന്ന് പട്ന സീനിയർ പൊലീസ് സൂപ്രണ്ടിനെയും സുരക്ഷാ വിഭാഗം കമാൻഡന്റിനെയും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചു വരുത്തി. സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം നടക്കുന്നുണ്ട്.