നെഞ്ചെരിച്ചിൽ, വയറുവേദന, ഗ്യാസ് കയറുന്നു തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് ഡോക്ടർമാരെ കാണുന്നവരിൽ ഒരു വിഭാഗം ആളുകൾക്ക് പരിശോധനകളിൽ പ്രശ്നമൊന്നും കണ്ടെത്താറില്ല. പല ഡോക്ടർമാരെയും കാണിച്ചിട്ടും എൻഡോസ്കോപ്പി, സ്കാനിങ്, രക്തപരിശോധന തുടങ്ങിയവ ചെയ്തു നോക്കിയിട്ടും ‘ഒരു കുഴപ്പവുമില്ല’ എന്ന മറുപടി. മുതിർന്ന പൗരന്മാരിൽ ഈ പ്രശ്നമുള്ളവർ ഒട്ടേറെയുണ്ട്. ഈ അവസ്ഥയ്ക്ക് ഫങ്ഷനൽ ഡിസ്പെപ്സിയ എന്നാണു പറയുന്നത്.
ലക്ഷണങ്ങൾ
∙ നെഞ്ചെരിച്ചിൽ, വയറിന്റെ മുകൾഭാഗത്ത് വേദന, ഓക്കാനം, പുളിച്ചുതികട്ടൽ, ഭക്ഷണം കഴിക്കാൻ താൽപര്യക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
∙ ഈ പ്രയാസങ്ങൾ മൂലം ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയുകയും ശരീരഭാരം വല്ലാതെ കുറഞ്ഞുപോകുകയും ചെയ്യാറുണ്ട്.
∙ ചിലർക്ക് രാത്രി ഉറക്കക്കുറവ്, വെപ്രാളം, അമിത ഉത്കണ്ഠ എന്നിവയുണ്ടാകുന്നു.
∙ ഈ അവസ്ഥ വരുന്ന ഭൂരിപക്ഷം പേരിലും മാനസികമായ ബുദ്ധിമുട്ടുകൾ പ്രകടമായിരിക്കും. വിഷാദരോഗം, അമിത ഉത്കണ്ഠ എന്ന രോഗാവസ്ഥ എന്നിവയുടെ ലക്ഷണങ്ങൾ വയറിന്റെ പ്രശ്നങ്ങളോടൊപ്പം ഇവരിൽ പ്രകടമായി ഉണ്ടാകാൻ സാധ്യതയുണ്ട്. നിസ്സാര കാര്യങ്ങൾക്ക് വിഷമിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സ്വഭാവവും ഇവരിൽ ചിലരിലെങ്കിലും പ്രകടമായിരിക്കും.
ഈ ലക്ഷണങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്നു മാസമെങ്കിലും ഉണ്ടാകുകയും എൻഡോസ്കോപ്പി ചെയ്തുനോക്കിയിട്ട് അൾസറിന്റെയോ ആമാശയ സംബന്ധമായ മറ്റു രോഗങ്ങളുടെയോ ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ അയാൾക്ക് ഫങ്ഷനൽ ഡിസ്പെപ്സിയ ഉണ്ടെന്നു കരുതാം.
കാരണങ്ങൾ
സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ കാണപ്പെടുന്ന ഈ അവസ്ഥ പ്രായം കൂടുന്നതനുസരിച്ച് കൂടി വരുന്നതായി കാണുന്നു. ഈ അവസ്ഥയുള്ളവരിൽ ഭൂരിപക്ഷം പേരും കുട്ടിക്കാലത്ത് വിഷമകരമായ ജീവിതാനുഭവങ്ങൾ ഉണ്ടായവരായിരിക്കും. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മദ്യപാനം, പുകവലി, എരിവും പുളിയും ഉള്ള ഭക്ഷണം കൂടുതലായി കഴിക്കുക എന്നിവയും ഈ പ്രശ്നം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
എങ്ങനെ പരിഹരിക്കാം
∙ ഈ പ്രശ്നം ഉള്ളവർക്ക് തലച്ചോറിലെ നോർഎപ്പിനെഫ്രിൻ, ഗാബാ തുടങ്ങിയ ചില രാസവസ്തുക്കളിൽ കുറവുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരം രാസവസ്തുക്കൾ ക്രമീകരിക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ ഉപയോഗിച്ചാൽ രോഗലക്ഷണങ്ങൾ വേഗം കുറയുന്നതായി കണ്ടുവരുന്നു.
∙ ഈ മരുന്നുകളോടൊപ്പം മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്തോടെ റിലാക്സേഷൻ വ്യായാമങ്ങളും ചിന്താവൈകല്യങ്ങൾ പരിഹരിക്കാനുള്ള മനഃശാസ്ത്ര ചികിത്സകളും പരിശീലിക്കുന്നതു പ്രയോജനം ചെയ്യും.
∙ എരിവും പുളിയും കൂടുതലുള്ള ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക.
∙ ആഹാരം ധൃതിയിൽ കഴിക്കാതെ സാവധാനം ചവച്ചരച്ചു കഴിക്കുക.
∙ ഒരു നേരം തന്നെ ഒരുപാട് ഭക്ഷണം കഴിക്കാതെ ദിവസേന അഞ്ചു നേരമായി കുറേശ്ശെ ഭക്ഷണം കഴിക്കുന്നതു നന്നായിരിക്കും.
∙ ഭക്ഷണം കഴിച്ചശേഷം ഉടനെ കിടക്കുന്ന ശീലം ഒഴിവാക്കണം.
∙ രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കണം.
∙ ഉറങ്ങാൻ കിടക്കുന്ന കട്ടിലിന്റെ തലഭാഗം അഞ്ച് ഇഞ്ച് പൊക്കി വച്ചു കിടക്കുന്നത് അഭികാമ്യമായിരിക്കും.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം[email protected] )