കായംകുളം: സുഹൃത്തിന്റെ സാമ്പത്തിക തട്ടിപ്പിന് ഇരയായി ആത്മഹത്യചെയ്ത പഞ്ചായത്ത് ജീവനക്കാരന്റെ മൃതദേഹം മൂന്നു നാൾ പിന്നിട്ടിട്ടും സംസ്കരിക്കാനായില്ല. കൃഷ്ണപുരം പഞ്ചായത്ത് ജീവനക്കാരൻ പുള്ളി കണക്ക് പുതുമനയിൽ പ്രശാന്തിന്‍റെ (47) മൃതദേഹമാണ് സംസ്കരിക്കാതെ സൂക്ഷിക്കുന്നത്. തട്ടിപ്പ് നടത്തിയയാൾ ബാധ്യതകൾ ഏറ്റെടുത്താൽ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്നാണ് ബന്ധുക്കളുടെ നിലപാട്.
മൂന്നാം കുറ്റിയിലെ വാടകവീട്ടിലാണ് മൂന്ന് ദിവസം മുമ്പ് പ്രശാന്ത് ആത്മഹത്യ ചെയ്തത്. സുഹൃത്തായ ചേരാവള്ളി സ്വദേശിയായ വ്യാപാരി നടത്തിയ സാമ്പത്തിക തട്ടിപ്പാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും വിഷയം ഏറ്റെടുത്തത്. നടപടികളുണ്ടായില്ലെങ്കിൽ വ്യാപാരിയുടെ വീട്ടിലേക്ക് മൃതദേഹം മാറ്റുമെന്നാണ് ഇവർ പറയുന്നത്.
പ്രശാന്തിനെ ഉപയോഗിച്ച് ചിട്ടി എടുപ്പിക്കുകയും സുഹൃത്തുക്കളുടെ സാലറി സർട്ടിഫിക്കറ്റടക്കം ഈടുവെച്ച് വൻ തുക കൈപ്പറ്റുകയും ചെയ്തുവെന്നാണ് ആക്ഷേപം. കൂടാതെ പ്രശാന്തിന്റെ വീടും വസ്തുവും ചതിയിലൂടെ കൈവശപ്പെടുത്തിയെന്നും ആരോപണമുണ്ട്. വീട് തിരികെ നൽകുകയും ബാധ്യതകൾ ഏറ്റെടുക്കുകയും ചെയ്യാമെന്ന് വ്യാപാരി സമ്മതിച്ചതായി അറിയുന്നു. എന്നാൽ, ഇത് രേഖാപരമായി നൽകുന്നതിനുള്ള താമസമാണ് സംസ്കാര ചടങ്ങിനെയും ബാധിച്ചിരിക്കുന്നത്. ഇതിനിടെ ചിട്ടി ഇടപാടുകളിൽ കെ.എസ്.എഫ്.ഇ വരുത്തിയ പിഴവുകളും പ്രശാന്തിന്റെ മേലുള്ള സമ്മർദത്തിന് കാരണമായതായി ആക്ഷേപമുണ്ട്.