വയനാട്: വീണ്ടും വയനാട്ടില്‍ മന്ത്രവാദ പീഡനം. വാളാട് സ്വദേശിനിക്കാണ് മന്ത്രവാദത്തിന്റെ പേരില്‍ അതിക്രൂര പീഡനം നേരിടേണ്ടി വന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. പനമരം കൂളിവയലിലെ ഇക്ബാല്‍ എന്നയാളെയാണ് വിവാഹം കഴിച്ചത്. അന്നുമുതല്‍ പീഡനങ്ങള്‍ നേരിട്ടുവെന്ന് പെണ്‍കുട്ടി പറയുന്നു. ഭര്‍ത്താവിന്റെ മാതാവ് ആയിഷയുടെ ദുര്‍മന്ത്രവാദത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് പീഡനം.
നാശത്തിന്റെ കുട്ടികളെ പ്രസവിക്കുമെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് അടിക്കുകയും ഭര്‍ത്താവ് ഇക്ബാല്‍ നിലത്തേക്ക് തള്ളിയിട്ട് പരിക്കേല്‍പ്പിക്കുയും ചെയ്തു. ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളായ ഷഹര്ബാന്, ഷമീര്‍ എന്നിവരും മര്‍ദ്ദിച്ചു. ക്രൂര മര്‍ദ്ദനത്ത തുടര്‍ന്ന് 4 തവണ പെണ്‍കുട്ടി ചികിത്സതേടിയിട്ടുമുണ്ട്. മര്‍ദ്ദനത്തിന് പുറമേ ഉറങ്ങാന്‍ സമ്മതിക്കാതെ രാത്രി വൈകുവോളം മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും മന്ത്രവാദ ചികിത്സക്ക് എത്തുന്നവരെ പരിചരിക്കാന്‍ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി പറയുന്നു.