മുംബൈ∙ സ്റ്റിങ് ഓപ്പറേഷനിൽ കുരുങ്ങി രാജിവച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശര്‍മ തിരിച്ചുവരുന്നു. ദുലീപ് ട്രോഫി മത്സരങ്ങൾക്കുള്ള നോർത്ത് സോൺ ടീമിനെ തിരഞ്ഞെടുക്കാനുള്ള മീറ്റിങ്ങിൽ അധ്യക്ഷനായിരുന്നത് ചേതൻ ശർമയാണ്. ജൂൺ 28നാണ് ദുലീപ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്. സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ ചേതൻ ശർമയാണെന്നു ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു.
ഒരു സ്വകാര്യ ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾ ഇന്ത്യൻ ക്രിക്കറ്റിൽ വൻ വിവാദങ്ങൾക്കാണു തിരികൊളുത്തിയത്. പിന്നാലെ ഈ വർഷം ഫെബ്രുവരിയിൽ ബിസിസിഐ ചേതന്‍ ശർമയെയും സിലക്ഷൻ കമ്മിറ്റിയെയും നീക്കി. നോർത്ത് സോൺ ടീമിന്റെ ക്യാപ്റ്റനായി മൻദീപ് സിങ്ങിനെ സിലക്ഷൻ കമ്മിറ്റി നിയമിച്ചു. യാഷ് ദുലിനെ ടീമിൽ എടുത്തില്ല.
പൂർണ ഫിറ്റ്നസ് ഇല്ലാത്ത ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങൾ മത്സരത്തിന് ഇറങ്ങാൻ ഉത്തേജക കുത്തിവയ്പ് എടുക്കുന്നത് പതിവാണെന്ന് ചേതൻ ശർമ സ്റ്റിങ് ഓപ്പറേഷനില്‍ വെളിപ്പെടുത്തിയിരുന്നു. ‘‘80% ഫിറ്റ്നസ് മാത്രമുള്ളവരും ചില കുത്തിവയ്പുകൾ എടുത്ത് ഊർജസ്വലരായി മത്സരം കളിക്കാനിറങ്ങും.ഈ കുത്തിവയ്പുകൾ തികച്ചും സ്വകാര്യമാണ്. ഇവ വേദനസംഹാരിയല്ല.ഉത്തേജകം തന്നെയാണ്. എന്നാൽ, ഉത്തേജക പരിശോധനയിൽ ഇവ പിടിക്കപ്പെടില്ല. പരിശോധനയിൽ പിടിക്കപ്പെടാത്ത മരുന്ന് ഏതൊക്കെയാണെന്നു കായികതാരങ്ങൾക്ക് അറിയാം. നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ നിർദേശത്തെത്തുടർന്നാണു മിക്ക താരങ്ങളും ഇവ ഉപയോഗിക്കുന്നത്.’’– ചേതൻ ശർമ വെളിപ്പെടുത്തി.
രോഹിത് ശർമയും വിരാട് കോലിയും തമ്മിൽ പിണക്കമൊന്നുമില്ലെന്നും ചേതൻ വെളിപ്പെടുത്തിയിരുന്നു. ‘‘ഇവർ തമ്മിലുള്ള ഈഗോ പ്രശ്നം വളരെ വലുതാണ്. ഇരുവരും വലിയ സിനിമാ താരങ്ങളെപ്പോലെയാണ്. ഒരാൾ അമിതാഭ് ബച്ചനും ഒരാൾ ധർമേന്ദ്രയും എന്ന പോലെ. ഇരുവർക്കും അവരുടെ ഇഷ്ടക്കാരായി ടീമിൽ ആളുകളുണ്ട്. മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതെന്നാണ് വിരാട് കോലി കരുതുന്നത്.’’– ചേതൻ ശർമ പറഞ്ഞു.