ബീന കാസിം നിർമിച്ച് ഐഷ സുൽത്താന സംവിധാനം ചെയ്ത ഫ്ലഷ് തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. നിർമാതാവ് ബീന കാസിമും കൂട്ടരും പോസ്റ്റ്മോർട്ടം ചെയ്ത ചിത്രം കാണാൻ എത്തില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായിക ഐഷ സുൽത്താന. തന്റെ മുന്നിലിട്ട് തന്റെ കുഞ്ഞിനെ വെട്ടിക്കൊല്ലുന്നത് കാണാനുള്ള മനസ് ഇല്ലാത്തത് കൊണ്ടാണ് ചിത്രം കാണാൻ വരാത്തതെന്നും അല്ലാതെ തോറ്റതുകൊണ്ടല്ലെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ ഈ ചെയ്തതിനുള്ള മറുപടിയുമായി താൻ തിരിച്ച് വരുമെന്നും സംവിധായിക വ്യക്തമാക്കിയിട്ടുണ്ട്.
‘ബീനാ കാസിമും ടീംസും ഇരുന്ന് പോസ്റ്റ് മോർട്ടം നടത്തി പുറത്ത് ഇറക്കുന്ന ബോഡി കാണാൻ ഞാൻ വരുന്നില്ല.എന്നാൽ ആ ബോഡി ഇന്ന് ജനം കാണും, ഞാൻ ഈ സിനിമയിലൂടെ തുറന്ന് കാണിച്ചത് എന്താന്നുള്ളത് ഈ സിനിമയിൽ നിങ്ങൾക്ക് മുറിച്ചു മാറ്റാൻ സാധിക്കാത്ത മൂന്ന് സീനിൽ കൂടി ജനം ഇന്ന് തിരിച്ചറിയും… ആ മൂന്നേ മൂന്ന് സീൻ മതി.
അത് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളൊരു ജനതയാവും ഇന്നാ സിനിമ കാണൂക…എന്‍റെ കുഞ്ഞിനെ എന്‍റെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്നത് കാണാനുള്ള മനസ്സ് എനിക്കില്ലാത്തത് കൊണ്ടാണ് ഞാൻ വരാത്തത്, അത് ഞാൻ നിങ്ങളുടെ മുന്നിൽ തോറ്റത് കൊണ്ടല്ല, എനിക്കും ഉള്ളത് ഒരു മനസ്സാണ് ഇന്ന് നിങ്ങൾക്ക് എന്നെ തകർക്കാൻ പറ്റിന്ന് വരുമായിരിക്കും, വെട്ടി നുറുക്കി എന്‍റെ കരിയർ നശിപ്പിക്കാൻ സാധിച്ചെന്നുമിരിക്കും. എന്നാൽ നിങ്ങൾ ഈ ചെയ്തതിനുള്ള മറുപടിയുമായിട്ട് ഒരിക്കൽ ഞാൻ തിരിച്ച് വരും…ഫാസിസം തുലയട്ടെ’-ഐഷ സുല്‍ത്താന കുറിച്ചു.
ചിത്രത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ പരാമർശങ്ങൾ ഉള്ളത് കൊണ്ട് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമാതാവ് ബീനാ കാസിം തന്‍റെ സിനിമ തടഞ്ഞു വെക്കുന്നുവെന്ന് ഐഷ സുൽത്താനാ ആരോപിച്ചിരുന്നു. നിര്‍മാതാവ് ബീനാ കാസിമാണ് വാർത്താസമ്മേളനത്തിൽ സിനിമയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്. ഐഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് ജനം സിനിമ കണ്ട് തീരുമാനിക്കട്ടെ എന്നാണ് ബീനാ കാസിം പറഞ്ഞത്. അതു ബീനാ കാസിം മാത്രം തീരുമാനിച്ചാല്‍ മതിയോ എന്നായിരുന്നു ഐഷയുടെ ചോദ്യം. നീതി കിട്ടുന്നതു വരെ താന്‍ മുന്നോട്ടു പോകുമെന്നും ഐഷ വ്യക്തമാക്കിയിരുന്നു.