ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്റെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി പറഞ്ഞു. അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു.
കൊതയാര്‍ വനമേഖലയില്‍ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടര്‍മാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ആന ആരോഗ്യവാനെന്ന് തെളിവായി ദൃശ്യങ്ങളും തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്.