തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്ക് സീറ്റ് നല്‍കാത്ത കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ഉത്തരവ് നല്‍കിയത്. മേലില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനായി സ്വീകരിച്ച നടപടികളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് കൂടി എം.ഡി ഹാജരാകണമെന്ന് ഉത്തരവില്‍ പറയുന്നു. 2022 നവംബര്‍ 5 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് കൊട്ടാരക്കര വഴി ആലുവക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ കിളിമാനൂരില്‍ നിന്നും അടൂര്‍ വരെ നിന്ന് യാത്ര ചെയ്യേണ്ടിവന്ന മുതിര്‍ന്ന പൗരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്നും മുതിര്‍ന്ന പൗരന്റെ സീറ്റ് അനുവദിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ തയ്യാറായില്ല. എന്നാല്‍ ഇതേ ബസില്‍ അന്ധന്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍, മുതിര്‍ന്ന വനിത എന്നീ സംവരണ സീറ്റുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ബസ് പുറപ്പെട്ടപ്പോള്‍ 5 രൂപ റിസര്‍വേഷന്‍ കൂപ്പണ്‍ മാത്രമാണ് നല്‍കിയത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉണ്ടായിരുന്നില്ല. കെഎസ്ആര്‍ടിസി ഹാജരാക്കിയ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാ ജനകമാണെന്ന് ഉത്തരവില്‍ പറഞ്ഞു.