ദില്ലി: ആദിപുരുഷ് എന്ന ചിത്രത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹര്‍ജി. ‘രാമായണത്തേയും ശ്രീരാമനേയും സിനിമ പരിഹസിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. ഹിന്ദു ദൈവങ്ങളായ രാമന്‍, രാവണന്‍, സീത, ഹനുമാന്‍ എന്നിവരുമായി ബന്ധപ്പെട്ട ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യാനോ തിരുത്താനോ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ചിത്രത്തില്‍ ദൈവങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് കൃത്യതയില്ലാതെയും അനുചിതവുമാണെന്ന് ഇവര്‍ ആരോപിക്കുന്നു. മഹര്‍ഷി വാല്‍മീകി രചിച്ച രാമായണത്തിലും വിശുദ്ധ തുളസീദാസ് രചിച്ച രാമചരിതമാനസിലും വിവരിച്ചിരിക്കുന്നതുപോലെ, കഥാപാത്രങ്ങളുടെ ചിത്രീകരണം ഹിന്ദു മത കഥാപാത്രങ്ങളുടെ വിവരണത്തിന് വിരുദ്ധമാണ്,” ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തില്‍ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ സെയ്ഫ് അലി ഖാനാണ്. കഥാപാത്രത്തിന്റെ താടിയുള്ള രൂപത്തിനെതിരേയും ഹര്‍ജിയില്‍ എതിര്‍പ്പുണ്ട്.